വലിമൈ വിജയത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പര്‍ താരം അജിത് കുമാറും സംവിധായകൻ എച് വിനോദും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആവേശത്തിലാണ്. തല അജിത് കുമാറിന്റെ അഭിനയ ജീവിതത്തിലെ 61ആം ചിത്രത്തിന് താൽക്കാലികമായി എകെ 61 എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
ചിത്രത്തിൽ അജിത്തിന്റെ നായികയായി മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എത്തുമെന്ന റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിരുന്നു. ഈ വാർത്ത ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങിൽ മഞ്ജു വാര്യർ ജോയിൻ ചെയ്തു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ ടൈംസ് ആണ് ഈ അപ്ഡേറ്റ് പുറത്ത് വിട്ടത്.
ഇന്ത്യ ടുഡേ എന്റർടൈമെന്റ് ഡെസ്ക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ‘കെജിഎഫ്’, ‘സർപ്പാട്ട പരമ്പരൈ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ ജോൺ കൊക്കനും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തും.
എച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി അവസാനം പുറത്തിറങ്ങിയ വലിമൈ തമിഴ്നാട്ടിലും പുറത്തും വൻ വിജയമായിരുന്നു. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആരാധകർ വലിയ പ്രതീക്ഷയിലാണ്.
നെഗറ്റീവ് ഷെയിഡിലുള്ള ഒരു പ്രൊഫസറുടെ കഥാപാത്രമാണ് അജിത്തിന്റേതെന്നാണ് റിപ്പോർട്ട്. വളർത്തിയ താടി ലുക്കിലായിരിക്കും അജിത്ത് സിനിമയിലെത്തുക.
പ്രകാശ് രാജ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും ചില കൊളീവുഡ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വലിമൈ, നേര്‍കൊണ്ട പാര്‍വൈ എന്നീ അജിത്ത് ചിത്രങ്ങളുടെ നിര്‍മ്മാതാവായ ബോണീ കപൂര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാതാവ്.
അതേസമയം അജിത് കുമാറിന്റെ അറുപത്തി രണ്ടാം ചിത്രമായ എകെ 62ൽ നായികയായി എത്തുന്നത് നയൻതാരയാണെന്ന വാർത്തകൾ തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. വിഘ്നേശ് ശിവൻ സംവിധാനം നിർവഹിക്കുന്ന എകെ 62 വിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും അടുത്ത വർഷം പകുതിയോടെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും നിർമാതാക്കൾ പങ്കുവെച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി. ലൈക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാഷ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ജികെഎം തമിഴ് കുമാരൻ പ്രോജക്ട് ഹെഡ് ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക