അടുക്കളയില്‍ എല്ലാതരം കറിക്കൂട്ടിലും ഒരേ പ്രധാന്യത്തോടെ ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പ്. മിക്കവാറുമെല്ലാ കറികള്‍ക്കും മുകളില്‍ കുറച്ചു കറിവേപ്പ് ഇലകള്‍ വിതറുന്ന സ്വഭാവമുള്ളവരാണ് മലയാളികള്‍. വീട്ടില്‍ തന്നെ ഒന്നോ രണ്ടോ കറിവേപ്പ് ചെടികള്‍ വളര്‍ത്താം. കറിവേപ്പ് വളര്‍ത്തി നല്ല പോലെ ഇലകള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
വളപ്രയോഗം കറിവേപ്പ് ചെടി വളര്‍ന്നു നല്ല പോലെ ഇലകള്‍ നല്കാന് വലിയ പ്രയാസമാണ്. ചെടി മുരടിച്ചു നില്‍ക്കുകയാണെന്ന പരാതിയായിരിക്കും മിക്കവര്‍ക്കും. തടത്തില്‍ ആവശ്യത്തിന് ജൈവവളം നല്കിയാല് ഇലകള്‍ ധാരാളമുണ്ടാകും. ഒരു കിലോ ചാണപ്പൊടി, ഒരു പിടി വീതം വേപ്പിന് പിണ്ണാക്കും എല്ലുപൊടിയും എന്നിവ ഇടയ്ക്ക് തടത്തിലിട്ടു കൊടുക്കുക.
നീളത്തില്‍ വളരാന്‍ അനുവദിക്കരുത് വലിയ മരമായി നീളത്തില്‍ വളരാന്‍ കറിവേപ്പിനെ അനുവദിക്കരുത്. ഒരാള്‍ പൊക്കത്തിലെത്തിയാല്‍ കമ്പുകള്‍ മുറിച്ചു കൊടുക്കണം. ഇങ്ങനെ ചെയ്താല്‍ ധാരാളം ശിഖിരങ്ങളുണ്ടായി ഇവയില്‍ നിറയെ ഇലകള്‍ വളരും. വിളവെടുക്കുമ്പോള്‍ ഇലകള്‍ അടര്‍ത്തിയെടുക്കാതെ ശിഖിരങ്ങള്‍ ഒടിച്ചെടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഒടിച്ചതിന്റെ തഴെ നിന്നും പുതിയ ധാരാളം തലപ്പുകള്‍ വന്നു കൊള്ളും.
കഞ്ഞിവെള്ളം തളിക്കാം കഞ്ഞിവെള്ളം കറിവേപ്പിന് നല്ലൊരു വളവും ജൈവ കീടനാശിനിയുമാണ്. രണ്ടോ മൂന്നോ ലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ ഒരു പിടി കടലപ്പിണ്ണാക്കിട്ട് രണ്ടു ദിവസം പുളിക്കാന്‍ വയ്ക്കുക. നെല്ലിക്ക വലിപ്പത്തില്‍ ശര്ക്കരയുമിതിലേക്കിടുന്നത് നല്ലതാണ്. രണ്ടു ദിവസം കഴിഞ്ഞ് ഈ ലായനിയെടുത്ത് ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.
പുളിച്ച മോരും ഗോമൂത്രവും പുളിച്ച മോരും ഗോ മൂത്രവും വെള്ളത്തില്‍ നേര്‍പ്പിച്ച് തടത്തിലൊഴിച്ചു കൊടുക്കുന്നത് കറിവേപ്പിന് ഏറെ ഗുണം ചെയ്യും. ഇലയുടെ മുരടിപ്പ് മാറാന്‍ ഇലകളില്‍ തളിക്കുന്നതും ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക