കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം.
ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം.
‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് കാരണമായത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമർശകരുടെ വാദം.
അതിനിടെ, സിനിമാ പോസ്റ്ററിലെ വാചകത്തെ ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി.
പോസ്റ്ററിലെ വാചകം ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരടിക്കുന്നവർ ഇതിനെ എതിർക്കുന്നത് എന്തിനാണ്?
ഇത്തരം എതിർപ്പുകൾ ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും സതീശൻ അഭിപ്രായപ്പെട്ടു. പ്രതികരണത്തിനില്ലെന്ന മറുപടിയിൽ മന്ത്രി മുഹമ്മദ് റിയാസും പ്രതികരണം ഒതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക