ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ആദ്യ ചിത്രത്തിലൂടെ തന്നെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിരവധി ആരാധകരെയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ തന്നെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കൊച്ച് ആരാധികയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ് ജയസൂര്യ.
നീതു ജസ്റ്റിന് എന്നാണ് ആരാധികയുടെ പേര്. ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രം കണ്ടത് മുതൽ തുടങ്ങിയ നീതുവിന്റെ ആരാധന ഇപ്പോഴും തന്നോട് ഉണ്ടെന്ന് ജയസൂര്യ പറയുന്നു. നീതു എങ്ങനെയാണ് തന്റെ ആരാധിക ആയതെന്നുള്ള ചെറു കാർട്ടൂൺ വിഡിയോ സഹിതമാണ് ജയസൂര്യ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരിൽ കാണാൻ എത്തിയപ്പോൾ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
‘‘20 വർഷങ്ങൾക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ഞാൻ സിനിമാ ജീവിതത്തിൽ പിച്ചവച്ച് തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സിൽ സ്ഥാനം നൽകിയ ആളാണ് നീതു ജസ്റ്റിൻ. 20 വർഷങ്ങൾക്ക് ഇപ്പുറം, നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്നേഹത്തിന്റെ കഥ.’’–നീതുവിന്റെ വിഡിയോ പങ്കുവച്ച് ജയസൂര്യ കുറിച്ചു.
കൈനിറയെ സിനിമകളാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. കോടികൾ മുതൽമുടക്കി നിർമിക്കുന്ന കത്തനാർ ആണ് ഇതിൽ ഏറ്റവും വലിയ പ്രോജക്ട്. റോജിൻ തോമസ് ആണ് സംവിധാനം. നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനൊരുങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക