ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘കൊറോണ പേപ്പേഴ്സ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും നിർമ്മാതാക്കളും ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. ചിത്രം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരംഭമായ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീ ഗണേഷിന്റേതാണ് കഥ.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം തമിഴ് നടി ഗായത്രി ശങ്കർ നായികയാകുന്ന ചിത്രം കൂടിയാണിത്. ചിത്രം ഒരു ത്രില്ലറായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സിദ്ദിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പപ്പൻ, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ദിവാകർ എസ് മണി ഛായാഗ്രഹണവും എം എസ് അയ്യപ്പൻ നായർ എഡിറ്റിംഗും നിർവഹിക്കുന്നു. എൻ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംഗീതം- കെ.പി, പ്രൊഡക്ഷൻ കോർഡിനേറ്റർ- ഷാനവാസ് ഷാജഹാൻ, സജി, കലാസംവിധാനം- മനു ജഗത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക