മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടത്തിൻറെ കാര്യത്തിൽ കുട്ടികൾക്ക് മാത്രമല്ല ഭീഷണി. മുതിർന്നവർക്കും അതേ ഭീഷണിയാണ് നിനിൽക്കുന്നത്. ഈയൊരു അപകടസാധ്യത ഇല്ലാതാക്കാൻ ചില കാര്യങ്ങൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ടതുണ്ട്. അവയാണിനി പങ്കുവയ്ക്കുന്നത്.
മൊബൈൽ ഫോൺ ചാർജിൽ ഇട്ടുകൊണ്ടിരിക്കുമ്പോൾ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ഇത് അപകടസാധ്യത കുറയ്ക്കുന്നു. ഇത്തരത്തിൽ ചാർജിലായിരിക്കുമ്പോൾ ഉപയോഗിച്ചതിനെ തുടർന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച സംഭവങ്ങൾ ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഫോൺ ചാർജിൽ വച്ച ശേഷം ഏറെ നേരത്തേക്ക് ചാർജർ ഡിസ്കണക്ട് ചെയ്യാതെ വയ്ക്കുന്നവരുണ്ട്. ഇങ്ങനെ ഫോൺ അധികസമയത്തേക്ക് ചാർജിലിടുന്നതും നല്ലതല്ല. ഇതും അപകടസാധ്യത വർധിപ്പിക്കുന്നു.
മൊബൈൽ ഫോൺ അസാധാരണമായ രീതിയിൽ ചൂടാകുന്നൊരു പ്രശ്നം ചിലപ്പോൾ ഉണ്ടാകാറുണ്ട്. ഒന്നുകിൽ ഇത് ബാറ്ററിയുടെ പ്രശ്നമാണ് കാണിക്കുന്നത്, അതല്ലെങ്കിൽ ഫോണിന് മറ്റെന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്നതിൻറെ സൂചനയുമാകാം. എന്തായാലും ഇങ്ങനെ ഫോൺ ചൂടാകുന്നുവെങ്കിൽ തീർച്ചയായും അതൊരു കടയിൽ കാണിച്ച് വേണ്ടവിധത്തിൽ പരിഹരിക്കുകയോ ഫോൺ മാറ്റുകയോ ചെയ്യുന്നതാണ് ഉചിതം.
ഫോൺ ചാർജിലിട്ട് അത് കിടക്കുന്നതിൻറെ തൊട്ടടുത്തായി വയ്ക്കുന്നവർ ഏറെയാണ്. ഇതിന് സൗകര്യപ്രദമായിട്ടുള്ള രീതിയിലായിരിക്കും സ്വിച്ച് ബോർഡ് ക്രമീകരിക്കുന്നതും. എന്നാൽ ഇങ്ങനെ കിടക്കാൻ നേരം തൊട്ടടുത്ത് ഫോൺ ചാർജിലിട്ട് വയ്ക്കുന്ന രീതി ഒട്ടും നല്ലതല്ല. ഫോൺ കിടക്കുന്നതിന് അകലെയായിട്ട് വേണം എപ്പോഴും സൂക്ഷിക്കാൻ.
കുട്ടികളുടെ കൈവശം മൊബൈൽ ഫോൺ കൊടുക്കുന്നതിൽ പ്രത്യേകമായ അപകടസാധ്യത ഒന്നുമില്ല. എങ്കിൽപോലും ചെറിയ കുട്ടികളുടെ കൈവശം മൊബൈൽ ഫോൺ കൊടുത്ത് ദീർഘസമയം അവരെ ശ്രദ്ധിക്കാതെ ഇരിക്കരുത്. ഫോൺ ചൂടാകുന്നുണ്ടോ, ചാർജിലാണോ എന്ന് തുടങ്ങി സുരക്ഷ സംബന്ധിച്ച കാര്യങ്ങളെല്ലാം ഇടയ്ക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക