ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട പോഷണമാണ് വൈറ്റമിൻ ബി 12. കോശങ്ങളിലെ ജനിതക സാമഗ്രിയായ ഡിഎൻഎയുടെ നിർമാണത്തിൽ വൈറ്റമിൻ ബി12 ശരീരത്തെ സഹായിക്കുന്നു. ഇതിന്റെ അഭാവം പലവിധത്തിലുള്ള ശാരീരികവും മാനസികവും നാഡീവ്യൂഹപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഭക്ഷണത്തിൽ ആവശ്യത്തിന് വൈറ്റമിൻ ബി 12 ഇല്ലാത്ത അവസ്ഥ, വയറിന്റെ ഭിത്തികളിൽ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, പെർണീഷ്യസ് അനീമിയ, ദഹനപ്രശ്നങ്ങൾ, മദ്യപാനം എന്നിവയെല്ലാം വൈറ്റമിൻ ബി 12 അഭാവത്തിലേക്ക് നയിക്കാറുണ്ട്.
വിറ്റാമിൻ ബി 12 അഭാവത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയാണ്…
അമിതമായ ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചര്‍മ്മത്തിലെ മഞ്ഞനിറം തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവ ചിലരില്‍ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഒരു വ്യക്തിയുടെ ശരീരത്തില്‍ വൈറ്റമിന്‍ B 12 വളരെ കുറവാണ് എങ്കില്‍ അത് മരുന്നുകളിലൂടെയും സപ്ലിമെന്റുകളിലൂടെയും പരിഹരിക്കാനാകും. കൂടാതെ, സമീകൃത പോഷകാഹാരം കഴിക്കുന്നതിലൂടെ ശരീരത്തിൽ വൈറ്റമിന്‍ ബി 12 നിലനിർത്താൻ കഴിയും.
പാല്, മുട്ട, മത്സ്യം, യോഗര്‍ട്ട്, ബീഫ്, സാൽമൺ ഫിഷ്, ചൂര, ചീസ്, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക