അഹ്മദാബാദ്: ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐ.പി.എൽ കിരീടം സമ്മാനിച്ച ശേഷം വിരമിക്കൽ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച് മഹേന്ദ്ര സിങ് ധോണി. വിരമിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ധോണി പറഞ്ഞു. എന്നാൽ, ആരാധകർ തനിക്കു നൽകുന്ന അളവറ്റ സ്നേഹത്തിന് എന്തെങ്കിലും പകരം നൽകണം. എളുപ്പമല്ലെങ്കിലും ഇനി ഒരു ഐപിഎല്‍ കൂടി മത്സരിക്കാന്‍ താന്‍ ശ്രമിക്കുമെന്നും തീരുമാനം എടുക്കാന്‍ തനിക്ക് ഇനിയും ഏഴ് മാസമുണ്ടെന്നും ധോണി പറഞ്ഞു.
സാഹചര്യം നോക്കിയാൽ വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. ഇപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞ് വിരമിക്കുന്നതാണ് ഏറ്റവും എളുപ്പം. 9 മാസം കഠിനാധ്വാനം ചെയ്യുക എന്നത് എന്റെ ശരീരത്തെ സംബന്ധിച്ച് തീരെ എളുപ്പമുള്ള കാര്യം ആയിരിക്കില്ലെന്നും തനിക്കറിയാമെന്ന് ധോണി പറയുന്നു. സിഎസ്കെയുടെ ആദ്യ കളിയില്‍ എല്ലാവരും എന്റെ പേര് വിളിക്കുന്നു. ഞാന്‍ വികാരഭരിതനാകുന്നു. എന്റെ കണ്ണൊക്കെ നിറയുന്നു. കുറച്ച് സമയം ഇതില്‍ നില്‍ക്കണം. ഞാന്‍ ഇതൊക്കെ ആസ്വദിക്കണം എന്ന് എനിക്ക് മനസിലായി.
സി.എസ്.കെ ആരാധകരിൽനിന്ന് ലഭിക്കുന്ന ഈ അളവറ്റ സ്നേഹത്തിന് ഒരു സീസൺ കൂടി കളിച്ച് പകരംവീട്ടുന്നതാകും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്രയെളുപ്പമുള്ള കാര്യമല്ലെങ്കിലും എന്റെ ഭാഗത്തുനിന്നുള പാരിതോഷികമാണത്. അവർ കാണിച്ച സ്നേഹത്തിനും വികാരവായ്പിനുമെല്ലാം പകരം നൽകേണ്ടതുണ്ടെന്നും ധോണി കൂട്ടിച്ചേർത്തു.
ഐ.പി.എല്ലിൽ ധോണിയുടെ 250-ാമത്തെ മത്സരമായിരുന്നു ഇന്നലെ ഗുജറാത്തിനെതിരെ നടന്ന കലാശപ്പോരാട്ടം. 14 സീസണുകളിൽ ചെന്നൈയെ പ്ലേഓഫിലേക്ക് നയിച്ച നായകനാണ് ധോണി. ഇതിൽ 11 തവണയും ഫൈനൽ വരെ ടീമിന്റെ പോരാട്ടം നീണ്ടുവെന്നതാണ് ധോണിയുടെ വിജയം. അതിൽ അഞ്ച് കിരീടങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക