തെലുങ്ക് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് സൂപ്പർതാരം ചിരഞ്ജീവി. അജിത്ത് നായകനായ “വേതാളം” എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്ക് “ഭോലശങ്കർ” എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. കുറച്ചുനാൾ മുൻപ് താരത്തിന് ക്യാൻസർ ബാധിച്ചു എന്നും സമയത്ത് ചികിത്സിച്ചത് കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു എന്നും വന്ന വാർത്തകൾ ആരാധകരെ ആശങ്കയിലാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ ഈ വാർത്തയോട് പ്രതികരിച്ച് ചിരഞ്ജീവി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. “കുറച്ചുകാലം മുമ്പ് ഒരു ക്യാൻസർ സെന്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാൻസറിനെ കുറിച്ച് അവബോധം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഞാൻ സംസാരിച്ചു. നിങ്ങൾ പതിവായി മെഡിക്കൽ പരിശോധന നടത്തിയാൽ ക്യാൻസറിനെ പ്രതിരോധിക്കാം എന്ന് ഞാൻ മുന്നറിയിപ്പ് നൽകി. ഒപ്പം തന്നെ ഞാൻ കോളൻ സ്കോപ്പ് ടെസ്റ്റ് നടത്തിയിരുന്നു എന്നും കാൻസർ അല്ലാത്ത പോളിപ്സ് കണ്ടെത്തുകയും അത് എടുത്തു മാറ്റുകയും ചെയ്തു. ചികിത്സിച്ചില്ലായിരുന്നു എങ്കിൽ അത് ക്യാൻസറായി മാറിയേനെ എന്ന് ഞാൻ പറഞ്ഞു. അതുകൊണ്ട് എല്ലാവരും മുൻകരുതലുകൾ എടുത്ത് സ്ക്രീനിങ് നടത്തണം എന്നാണ് ഞാൻ അന്ന് പറഞ്ഞത്. എന്നാൽ ചില മാധ്യമങ്ങൾ സത്യാവസ്ഥ മനസ്സിലാക്കാതെ വളച്ചൊടിച്ച് എനിക്ക് ക്യാൻസർ വന്നു, സമയത്ത് ചികിത്സിച്ചതുകൊണ്ട് രക്ഷപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകളും ലേഖനങ്ങളുംഎഴുതി. ഇത് വലിയ ആശയ കുഴപ്പത്തിന് കാരണമായി. നിരവധി ആളുകൾ തന്റെ സുഖവിവരം അന്വേഷിക്കുകയും വിളിക്കുകയും ചെയ്തു. ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളോട് ദയവായി സത്യാവസ്ഥ മനസ്സിലാക്കാതെ അസംബന്ധങ്ങൾ എഴുതരുത്. ഇത് പലരെയും വേദനിപ്പിക്കാൻ കാരണമാകും”. ചിരഞ്ജീവി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക