കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗവും ഫോട്ടോഗ്രാഫിക്കും നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ ചിത്രമെടുക്കുന്നതിനും വീഡിയോകള്‍ ചിത്രീകരിക്കുന്നതിനുമടക്കം ഈ വിലക്ക് ബാധകമാണ് എന്നാണ് പുറത്തു വരുന്ന വിവരം.
ക്ഷേത്ര സന്നിധിയിലെ ഒരു വിവാഹാഭ്യര്‍ത്ഥന വീഡിയോ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കരുതെന്നും ഏതെങ്കിലും രീതിയിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളും ക്ഷേത്രത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രം സിസിടിവി നിരീക്ഷണത്തിലാണെന്നും ബോര്‍ഡുകള്‍ വിശദമാക്കുന്നു. ക്ഷേത്ര സന്നിധിക്ക് ഉചിതിമായ രീതിയിലുള്ള വസ്ത്ര ധാരണം വേണമെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക