വാട്സാപ്പിൽ ഉപയോക്താക്കളുടെ സുരക്ഷാഫീച്ചറുകൾ വർധിപ്പിക്കാനൊരുങ്ങി മെറ്റ. ഉപഭോക്താക്കള്‍ക്ക് അപരിചിതമായ നമ്പറുകളില്‍ നിന്ന് സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ സൗകര്യങ്ങള്‍ പരീക്ഷിക്കുന്നത്.
അപരിചിതമായ ഒരു നമ്പറില്‍ നിന്ന് ആദ്യമായി സന്ദേശം ലഭിക്കുമ്പോള്‍ പുതിയൊരു സ്ക്രീന്‍ വാട്സാപ്പില്‍ തെളിയും. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണം എന്ന് ഉപഭോക്താക്കള്‍ക്ക് വിശദമാക്കി നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുകയോ മോഡറേഷന് ടീമിന് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാം. പ്രൊഫൈല്‍ നെയിമും, പ്രൊഫൈല്‍ ഫോട്ടോയും ഫോണ്‍ നമ്പറിന്റെ കണ്ട്രി കോഡും ശ്രദ്ധിക്കണമെന്ന നിര്‍ദേശവും വാട്സാപ്പ് ഇതില്‍ നല്‍കും.
കോണ്ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത നമ്പറില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങള്‍ ഉപഭോക്താവ് വായിക്കുമ്പോള്‍ സന്ദേശം വായിച്ച വിവരം അയച്ചയാള്‍ അറിയുന്നത് തടയാനുള്ള സൗകര്യവും വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്. അപരിചിതമായ നമ്പറില്‍ നിന്ന് വാട്സാപ്പില്‍ സന്ദേശം ലഭിക്കുമ്പോള്‍ നിങ്ങള്‍ അതിന് മറുപടി അയച്ചാല്‍ മാത്രമേ സന്ദേശം വായിച്ചതായുള്ള ബ്ലൂ ടിക്ക് അപ്പുറത്തുള്ളയാള്‍ കാണൂ. അല്ലെങ്കില്‍ ആ കോണ്ടാക്റ്റ് ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക