ദുബൈ: ഓണക്കാലത്ത് വിമാനനിരക്ക് കുത്തനെ ഉയരുമ്പോഴും പ്രവാസി മലയാളികളുടെ ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ ഒരുങ്ങി യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ആകാശത്ത് വെച്ച് തന്നെ ഇലയിൽ ഓണ സദ്യ വിളമ്പുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയ്ക്കൊപ്പം നോണ്‍ വെജ് വിഭവങ്ങളും കമ്പനി ഒരുക്കുന്നുണ്ട്. ഓണത്തിന് എമിറേറ്റ്സ് എയർലൈൻസിന്റെ സർപ്രൈസ് മെനുവാണിത്. വാഴയിലയിൽ തന്നെയാകും സദ്യവിളമ്പുന്നത്. വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഉൾക്കൊള്ളാനുള്ള എയർലൈനിന്റെ പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് ഈ നീക്കം.
കൂടാതെ ഓണത്തിന് യാത്രക്കാർക്ക് മലയാള സിനിമകൾ കാണിക്കാനുള്ള തീരുമാനവും എമിറേറ്റ്സ് അറിയിച്ചു. അടുത്ത പുതുവർഷത്തിൽ കോഴിക്കോട്ടേക്ക് സർവ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവ്വീസുകളും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക