മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് മെഗാ രക്തദാനം നടത്താൻ ഒരുങ്ങി ആരാധക കൂട്ടായ്മ. ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും അനുഭാവികളും ചേർന്ന് സെപ്റ്റംബർ ഏഴിന് 25000 ത്തോളം പേർക്ക് രക്തം ദാനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള 17 രാജ്യങ്ങളിലായാണ് മെഗാ രക്തദാനം സംഘടിപ്പിക്കുന്നത്.
ഇന്ത്യയ്ക്ക് പുറമേ യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹറൈൻ, അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ശ്രീലങ്ക, മലേഷ്യ, ചൈന എന്നിവിടങ്ങളിലുള്ള മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മകളും രക്തദാനത്തിൽ പങ്കുചേരും. ആഗസ്റ്റ് അവസാന ആഴ്ചയോടെ രക്തദാനം ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു.
സംസ്ഥാനത്ത് മെഗാ രക്തദാനത്തിന് നേതൃത്വം നൽകുന്ന മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് കമ്മിറ്റിയാണ്. വിവിധ കേന്ദ്രങ്ങളിലായി കേരളത്തിലെ 14 ജില്ലകളിലും രക്തദാനം സംഘടിപ്പിക്കും എന്നും മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയിൽ നിന്ന് ആയിരങ്ങൾ മെഗാ രക്തദാനത്തിൽ പങ്കാളികളാകുമെന്നും സംസ്ഥാന പ്രസിഡന്റ് അരുൺ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക