ചോറിന് കറി എന്തുണ്ടാക്കും എന്നത് ആലോചിച്ച് തലേദിവസം തന്നെ തല പുകയ്ക്കുന്നവരാണ് ഓരോ വീട്ടമ്മയും. എളുപ്പത്തിൽ രുചികരമായി എന്തുണ്ടാക്കാം എന്നാണ് എല്ലാവരും ചിന്തിക്കാറ്. അങ്ങനെ രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പുളിങ്കറി റെസിപ്പി ആണ് പറയുന്നത്.
ഇതിനായി ആദ്യം തന്നെ പച്ചക്കറികൾ അരിഞ്ഞെടുക്കാം. ഒരുവിധം എല്ലാ പച്ചക്കറിയും(കുമ്പളങ്ങ, കിഴങ്ങ്, വെണ്ടയ്ക്ക, ചെറിയ ഉള്ളി, വഴുതങ്ങ,…) ഇതിനായി ഉപയോഗിക്കാം. സാമ്പാർ കഷ്ണങ്ങളുടെ വലുപ്പത്തിൽ വേണം അരിഞ്ഞെടുക്കാൻ. അരിഞ്ഞെടുത്ത പച്ചക്കറികൾ പാകത്തിന് വെള്ളവും ഉപ്പും ഇട്ട് വേവിച്ചെടുക്കാം.
മറ്റൊരു പാത്രത്തിൽ അല്പം മഞ്ഞൾപൊടി, എരുവിന് ആവശ്യമായ മുളകുപൊടി, കുറച്ച് കുരുമുളകുപൊടി എന്നിവ എടുത്ത ശേഷം അല്പം പുളി കൂടി പിഴിഞ്ഞ് ഒഴിക്കാം. ഇത് കട്ടയില്ലാതെ ഇളക്കി എടുക്കണം. വെന്തു വന്ന പച്ചക്കറി കഷണങ്ങളിലേക്ക് ഇത് ചേർത്തു കൊടുക്കാം. നല്ലതുപോലെ ഒന്നുകൂടി ചൂടാക്കി എടുക്കാം.
മറ്റൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ അല്പം കടുകും വറ്റൽമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുക്കണം. ഇത് തയ്യാറാക്കി വച്ചിരിക്കുന്ന കറിയിലേക്ക് ചേർത്തു കൊടുക്കാം. ചോറിന് നല്ല കോമ്പിനേഷൻ ആയ പുളിങ്കറി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക