അറ്റ്ലി സംവിധാനം ചെയ്ത ആദ്യത്തെ ബോളിവുഡ് സിനിമയായ ഷാറുഖ് ഖാൻ ചിത്രം ‘ജവാന്റെ’ വിജയത്തിൽ അഭിനന്ദനങ്ങളുമായി കങ്കണ റണൗട്ട്. ഇന്ത്യൻ സിനിമയുടെ ദൈവമാണ് ഷാറുഖ് ഖാനെന്ന് കങ്കണ പറഞ്ഞു. ഷാരുഖിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ടാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
‘‘തൊണ്ണൂറുകളിൽ കാമുകനായി എത്തി, ആരാധകരുമായി ബന്ധം നിലനിർത്തികൊണ്ട് ദശാബ്ദങ്ങള് നീണ്ട പോരാട്ടത്തിലൂടെ ഇന്ത്യയുടെ മാസ് ഹീറോയായി ഉയർന്നു. ഇതൊരു ചെറിയ കാര്യമല്ല. യഥാർഥ ജീവിതത്തിലും അദ്ദേഹം സൂപ്പർ ഹീറോയാണ്. ഒരു സമയത്ത് ആളുകൾ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓർക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടം ദീർഘകാല കരിയർ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാർക്കും ഒരു മാസ്റ്റർ ക്ലാസാണ്, പക്ഷേ അത് പുനർനിർമിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. ഷാറുഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നിൽ വണങ്ങുന്നു. ജവാന്റെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനം’’, കങ്കണ കുറിച്ചു.
തമിഴിലെ സൂപ്പർഹിറ്റ് ഡയറക്ടർ ആറ്റ്ലിയുമായി ഷാരുഖ് ഖാൻ കൈ കോർത്തപ്പോൾ പിറന്നത് സൂപ്പർ എന്റർടെയ്നറാണ്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തിയത്. വിജയ് സേതുപതിയായിരുന്നു വില്ലൻ വേഷത്തിൽ. ആദ്യ ദിവസം ഏകദേശം 75 കോടി രൂപ നേടിയെന്നാണ് വിവരം. അതിൽ 65 കോടി രൂപ ഹിന്ദി പതിപ്പിൽ നിന്നും ബാക്കി 10 കോടി തമിഴ്, തെലുങ്ക് പതിപ്പുകളിൽ നിന്നാണ് ലഭിച്ചത്. കേരളത്തിൽ നിന്നു മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക