പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയായ അസ്മ കൂട്ടായി അന്തരിച്ചു. 51 വയസ്സായിരുന്നു. നാല് പതിറ്റാണ്ട് കാലമായി മാപ്പിള പാട്ടുരംഗത്ത് സജീവമായിരുന്ന അസ്മ രോഗബാധിതയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തന്റെ അഞ്ചാം വയസ്സിലാണ് കലാ കുടുംബത്തിൽ നിന്നുള്ള അംഗമായ അസ്മ ഗായികയായി ചുവടുവെക്കുന്നത്. പ്രശസ്ത ഗായകനും തബലിസ്റ്റും ആയ ചാവക്കാട് ഖാദർ ഭായ് ആണ് പിതാവ്. മാതാവ് ആമിനാബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ ബാവ എന്നറിയപ്പെടുന്ന മുഹമ്മദലി ആണ് അസ്മയുടെ ഭർത്താവ്.
‘ലവ് എഫ് എം’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലും ഗായികയായി അസ്മ തിളങ്ങി. നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായി എത്തിയ അസ്മ ഏറെ കാലം ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലും സജീവമായിരുന്നു. സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ ഈ അനുഗ്രഹീത ഗായികയെ തേടിയെത്തി. നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം വൈകിട്ട് നാലുമണിക്ക് കൂട്ടായി കോതപറമ്പ് റാത്തീബ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക