ശൈശവത്തില്‍ കാണുന്ന കരള്‍വീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം, കരളില്‍ നീര് കുമിളകള്‍ കാരണമുണ്ടാകുന്ന ചില രോഗങ്ങള്‍, ഉപാപചയ തകരാറുകളും ഗ്ലൈക്കോജന്‍ സംഭരണത്തിലെ പ്രശ്നങ്ങളും കാരണമുണ്ടാകുന്ന രോഗങ്ങള്‍, ശരീരത്തില്‍ ചെമ്പിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന വില്‍സണ്‍സ് രോഗം, ഗ്ലൈക്കോജന്‍ (അന്നജം) സ്റ്റോറേജ് രോഗങ്ങള്‍ എന്നിവ കുട്ടികളില്‍ മാത്രം കാണുന്ന കരള്‍ രോഗങ്ങളാണ്.
കുട്ടികളില്‍ മഞ്ഞപ്പിത്തം പല തരത്തിലുണ്ടാവാം. ചുവന്ന രക്താണുക്കള്‍ ക്രമാതീതമായി നശിക്കുമ്പോള്‍ രക്തത്തില്‍ ബിലുറൂബിന്‍ അളവ് കൂടുന്നു. ആര്.എച്ച്, എ.ബി.ഒ ഇന്കോംപിറ്റബിലിറ്റി എന്ന സ്ഥിതി കാരണം നവജാതശിശുവിലും ഈ അവസ്ഥ ഉണ്ടാകാം. കരളിനെയും പിത്തക്കുഴലിനെയും ബാധിക്കുന്ന രോഗങ്ങളാണ് കോണ്‍ജുഗേറ്റഡ് ഹൈപ്പര്ബിലിറുബിനീമിയ. കോണ്‍ജുഗേറ്റഡ് ജോണ്ടിസിന് ഇത് കാരണമാകുന്നു.
കുട്ടികളിലെ കരള്‍രോഗങ്ങളില്‍ ഹെപ്പറ്റൈറ്റിസാണ് പ്രധാനം. അക്യൂട്ട്, ക്രോണിക് എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് രണ്ടുതരത്തിലുണ്ട്. എ, ഇ എന്നിവ അക്യൂട്ട് വിഭാഗത്തില്‍ പെടും. സര്‍വസാധാരണമായി കാണപ്പെടുന്ന കരള്വീക്കമാണിത്. രോഗാണുകലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നു. രോഗബാധിതരുടെ മലത്തിലൂടെയാണ് പലപ്പോഴും വെള്ളവും അതുപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണവും മലിനമാക്കപ്പെടുന്നത്. പനിയും മഞ്ഞപ്പിത്തവും ചുരുക്കം ചില കുട്ടികളില്‍ കരള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണമായേക്കാം. ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രതിരോധകുത്തിവെപ്പ് ലഭ്യമാണ്.
ദീര്‍ഘകാല മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് ബി പ്രധാനമായും രോഗബാധിതയായ അമ്മയില്‍നിന്ന് ജനനസമയത്താണ് പകരുന്നത്. വളരെ നേരത്തേതന്നെ കുഞ്ഞിന് വൈറസ് ബാധ വരുന്നതിനാല്‍ ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരളിലെ കാന്‍സര്‍ എന്നിവയ്ക്ക് ഇത് വഴിയൊരുക്കാം. ചിലപ്പോള്‍ ഈ കുട്ടികള്‍ നിശ്ശബ്ദരായ അണുവാഹകര്‍ ആവാനും സാധ്യതയുണ്ട്.
ചില കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കുമ്പോള്‍ തന്നെ തീവ്ര ലക്ഷണങ്ങള്‍ പ്രകടമാകും. തലകറക്കം, ഛര്‍ദി, വിശപ്പില്ലായ്മ, കടുംനിറത്തിലുള്ള മൂത്രം, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂളില്‍ അത് ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.
കുട്ടികളില്‍ പല ഘടകങ്ങളും കരള്ചുരുക്കത്തിന് (സിറോസിസ്) കാരണമാകാം. പിത്തക്കുഴലിന്റെ വികാസപ്രശ്നങ്ങള്, നവജാത ശിശുക്കളിലുള്ള കരള്‍വീക്കം, ഗാലക്ടോസീമിയ, ടൈറോസിനീമിയ തുടങ്ങിയ രോഗാവസ്ഥകള്‍ ശൈശവത്തിലെ കരള്‍ ചുരുക്കത്തിന് ഇടയാക്കാം. ചെമ്പിന്റെ ഉപാപചയത്തില്‍ തകരാര്‍ വരുന്നതിനാല്‍ ഉണ്ടാകുന്ന രോഗമാണ് വില്‍സണ്‍സ് രോഗം. ജനിതകമായ ഈ രോഗം ATP 7B എന്ന ജീനില്‍ വരുന്ന ക്രമക്കേടുകള്‍ കാരണമാണ്. കരളില്‍ ചെമ്പ് അടിഞ്ഞുകൂടി സിറോസിസിന് കാരണമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക