ഭക്ഷണങ്ങൾക്ക് സ്വാദ് വർധിപ്പിക്കുന്നതിന് വേണ്ടി ഉലുവ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് മിക്കവരും. അൽപം കയ്പ്പുകലർന്ന രുചിയാണെങ്കിലും ആന്റി ഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ് ഉലുവ.
മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഉലുവയില എന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. അസിഡിറ്റി പ്രശ്നമുള്ള ആളുകൾ ഇതൊഴിവാക്കാൻ എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് ഗുണം ചെയ്യും. സൗന്ദര്യസംരക്ഷണം മുതൽ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.
തണുപ്പുകാലത്ത് ഉലുവ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം…
തണുത്ത കാലാവസ്ഥയിൽ ഉലുവയുടെ ഇലകൾ കഴിക്കുന്നത് ശരീരത്തില്‍ ചൂട് നിലനിർത്താന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.
ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
കുതിർത്ത ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കും. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഇവ സഹായിക്കും. ഇതിനായും ഭക്ഷണത്തില്‍ ഉലുവയില കഴിക്കാം. ഭക്ഷണത്തിനു മുമ്പായി ഉലുവ കഴിക്കുന്നതും നെഞ്ചെരിച്ചിൽ തടയും.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവയില എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
കാത്സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഉലുവയില കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവയില ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ മികച്ച പരിഹാരമാണ് ഉലുവ. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ തീർച്ചയായും ഉലുവ കുതിർത്തോ മുളപ്പിച്ചോ കഴിക്കാൻ ശ്രമിക്കണം. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കോളസ്ട്രോൾ ഉദ്പാദനം നിലനിർത്താൻ ഉലുവയ്ക്ക് കഴിയും.
ആർത്തവവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ ഉലുവ സഹായിക്കും. ഈസ്ട്രജന് സമാനമായ ഡയോസ്ജെനിൻ, ഐസോഫ്ലേവൻ ഘടകങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. ആർത്തവവിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികനിലയിലെ വ്യതിയാനങ്ങൾക്കും ഇത് ഫലപ്രദമാണ് എന്ന് പറയപ്പെടുന്നു.
സൗന്ദര്യസംരക്ഷണത്തിനായി പല പൊടിക്കൈകളും പരീക്ഷിക്കുമ്പോൾ ഉലുവ ഒഴിവാക്കേണ്ട. മുഖക്കുരു, ചുളിവുകൾ, പാടുകൾ എന്നിവ മാറ്റാൻ ഉലുവ ഉപയോഗിച്ച് പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കാം. ഉലുവയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും, ഉലുവയില അരച്ച് മുഖത്തിടുന്നതും ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും.
തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും ഉലുവ നല്ലതാണ്. ഉലുവ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുകയും, അരച്ച് തലയിൽ തേക്കുകയും ചെയ്യുന്നത് മുടിക്ക് നല്ല കറുപ്പ് നിറവും, തിളക്കവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക