മസ്കറ്റ്: മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഒമാന്‍ എയര്‍. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +968 2453 1111 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിതീവ്രമഴയാണ് അനുഭവപ്പെടുന്നത്. പല പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി.
ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് രണ്ട മരണം റിപ്പോര്‍ട്ട് ചെയ്തു. മിഗ്ജൗമ് ചുഴലിക്കാറ്റ് നാളെയോടെ തീരം തൊടുമെന്നാണ് കാലവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക