സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരെല്ലാം നേരിടുന്ന പ്രധാന പ്രശ്നമാണ് ഫോണിലെ ചാർജ് വേഗം തീർന്നുപോകുന്നുവെന്നത്. ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം കൂടിയതും ഫോണിലെ ബാറ്ററിയെ വേഗം തീർക്കുന്ന ഘടകങ്ങളിലൊന്നാണ്. ഫോൺ ബാറ്ററിയിലെ ചാർജ് കൂടുതൽ സമയം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…
നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ബ്രൈറ്റ്നസ് 65 – 70 ശതമാനമാക്കി ഉപയോഗിക്കുന്നത് ബാറ്ററി ലൈഫ് നിലനിര്‍ത്താന്‍ ഒരു പരിധി വരെ സഹായിക്കും.
16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഫോണുകള്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ താപനില. ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് തുറസായ സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
ഒരിക്കലും ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 100 ശതമാനം ചാര്‍ജ് വരെ എത്തിക്കരുത്. 80 ശതമാനം വരെ ചാര്‍ജ് കയറുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത്. ഇപ്പോള്‍ ഇറങ്ങുന്ന പല ഫോണുകളിലും 80 ശതമാനം ആകുമ്പോള്‍ തന്നെ ചാര്‍ജ് കയറുന്ന സംവിധാനം ഓട്ടോമാറ്റിക് ആയി ഓഫ് ആകുന്ന സാങ്കേതിക വിദ്യയുണ്ട്. ഇത് ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതായിരിക്കും.
പല അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നാം ലൊക്കേഷനുകൾ ഓൺ ചെയ്യാറുണ്ട്. എന്നാൽ ഉപയോഗത്തിന് ശേഷം ലൊക്കേഷൻ ഓഫ് ചെയ്യാൻ മറക്കുകയും ചെയ്യും. ലൊക്കേഷൻ ഓണായി കിടന്നാൽ അത് ഫോണിന്റെ ബാറ്ററി കൂടുതൽ ഉപയോഗിക്കും. അതുകൊണ്ട് ആവശ്യമില്ലാത്ത സമയത്ത് ഫോണിന്റെ ലൊക്കേഷൻ ഓഫാക്കി വെക്കുന്നത് ചാർജ് കുറെ നേരം നിൽക്കാൻ സഹായകമാകും.
നമ്മുടെ ഫോണുകളിൽ പല ആപ്ലിക്കേഷനുകൾ നമുക്ക് ആവശ്യമില്ലാത്ത സമയത്തും ബാക്ഗ്രൗണ്ടിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ഈ ആപ്പുകളാണ് ഫോണിന്റെ ഏറ്റവും കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നത്. അവ ഒഴിവാക്കാനായി സെറ്റിങ്സിൽ പോയി ബാറ്ററി യൂസേജിൽ കയറി അനാവശ്യമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തുക. അല്ലാത്തപക്ഷം ആ ആപ്ലിക്കേഷൻ നിങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യുക.
ഇന്റര്‍നെറ്റിനായി മൊബൈൽ ഡാറ്റയെക്കാളും ഫോണിന് നല്ലത് വൈ-ഫൈയാണ്. അതുകൊണ്ട് അവസരം ലഭിക്കുമ്പോഴെല്ലാം വൈ-ഫൈ തിരഞ്ഞെടുക്കണം. ഡാറ്റ നെറ്റ്വർക്ക് ഉപയോഗം കുറക്കാനും, ഇൻകമിങ് മെസ്സേജുകളും കോളുകളും കുറച്ചു നേരം നിർത്തിവെക്കാനും എയർപ്ലെൻ മോഡ് ഉപയോഗിക്കാം.
ട്രെയിനിലോ ബസിലോ യാത്ര ചെയ്യുമ്പോൾ ഫോണിൽ ബാറ്ററി കുറവാണെങ്കിൽ സൂക്ഷിക്കണം. മൊബൈൽ സിഗ്നല്‍ കുറഞ്ഞ സ്ഥലത്താണ് നിങ്ങള്‍ ഉള്ളതെങ്കില്‍ കയ്യിലുള്ള സ്മാർട്ഫോൺ കൂടുതല്‍ സിഗ്നലിന് വേണ്ടി തിരഞ്ഞുകൊണ്ടേയിരിക്കും. ഇതുകൊണ്ട് തന്നെ ബാറ്ററി പവര്‍ കുറയുകയും ചെയ്യും. ഈ സമയത്ത് ഫോണ്‍ ഓഫ് ചെയ്യുന്നതോ ഫ്ലൈറ്റ് മോഡിലിടുന്നതോ ആണ് ചാര്‍ജ് നിലനിര്‍ത്താന്‍ നല്ലത്.
മിക്ക ഫോണുകളിലും ഇപ്പോൾ ലഭ്യമായ ഫീച്ചറാണ് ബാറ്ററി സേവർ. ബാറ്ററി സേവർ ഓൺ ചെയ്തിടുമ്പോൾ നമുക്ക് ആവശ്യമില്ലാത്ത ആപ്പുകളെല്ലാം ഫോൺ തന്നെ ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കും. ഇതുവഴി കൂടുതൽ സമയം ചാർജ് നിർത്താനാകും. ചില ഫോണുകളിൽ എക്സ്ട്രീം ബാറ്ററി സേവർ ഓപ്ഷനുകളും ഉണ്ട്. ഈ മോഡിലിട്ടാൽ ബേസിക് സൗകര്യങ്ങൾ മാത്രമേ നമുക്ക് ഉപയോഗിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക