മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും ലോകായുക്തക്കും നോട്ടീസ് അയച്ച് ഹൈക്കോടതി. ലോകായുക്ത വിധിക്കെതിരായ റിട്ട്ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മുഖ്യമന്ത്രിക്കും ലോകായുക്തക്കും മന്ത്രിമാർക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
ദുരിതാശ്വാസനിധിയിൽ നിന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയക്കാർക്ക് പണം നൽകി എന്ന ആർഎസ് ശശികുമാർ സമർപ്പിച്ച ഹർജി ലോകായുക്തയുടെ അധികാരപരിധിയിൽ വരില്ലെന്ന് പറഞ്ഞ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും ഹാറൂൺ അൽ റഷീദും തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ആർഎസ് ശശികുമാർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ദുരിതാശ്വാസനിധിയിൽ നിന്നും പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തിയ ലോകായുക്ത സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാനുള്ള തെളിവുകൾ ഇല്ലെന്നും ദുരിതാശ്വാസ നിധി വക മാറ്റി എന്ന ആരോപണത്തിൽ പരാതി നിലനിൽക്കില്ലെന്ന് ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ലോകായുക്തയുടെ ഉത്തരവുകൾ ഹർജിയിൽ അന്തിമ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക