യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാൻ കെപിസിസിയുടെ ആഹ്വാനം.
നാളെ വൈകുന്നേരം സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് ആഹ്വാനം ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. ക്ഷേമപെൻഷനുകളും മറ്റു പെൻഷനുകളും ലഭിക്കാതെ പാവപ്പെട്ടവർ വലിയ ബുദ്ധിമുട്ടിലാണ് എന്നും കേരളത്തിന്റെ യുവശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം സംസ്ഥാനത്തെ സംഘർഷഭരിതമാക്കിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളിൽ പേരിനു പോലും മരുന്നില്ല എന്നും സാമ്പത്തിക പ്രതിസന്ധി എല്ലാ ജനവിഭാഗങ്ങളെയും വരിഞ്ഞുമുറുക്കുകയാണ് എന്നും ആരോപിച്ച അദ്ദേഹം ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ നിന്നും മുഖം രക്ഷിക്കാൻ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിതെന്നും ആരോപിച്ചു.
ചോദ്യം ചെയ്യുന്നവരെ ജയിലിൽ അടച്ച് നിശബ്ദമാക്കാൻ ആണ് പിണറായി ശ്രമിക്കുന്നത് എന്നും അനേകായിരങ്ങൾ ജയിലിൽ പോകാൻ തയ്യാറായി നിൽക്കുന്നുവെന്നും എത്ര പേരെ ജയിലിൽ അടച്ചാലും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനദ്രോഹ നടപടികളെ കോൺഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക