അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കേരളത്തിൽ വൈദ്യുതി മുടങ്ങും എന്നത് വ്യാജ പ്രചരണം ആണെന്നും ജനങ്ങൾ വഞ്ചിതരാകരുതെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കേരളത്തിൽ വൈദ്യുതി മുടങ്ങും എന്ന തരത്തിൽ ഫേസ്ബുക്കിൽ മലയാളത്തിലും എക്സ് പ്ലാറ്റ്ഫോമിലും ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
വൈദ്യുതി മുടങ്ങും എന്ന തരത്തിൽ സാമൂഹികവിരുദ്ധർ നടത്തുന്ന പ്രചാരണം വ്യാജമാണെന്നും വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം കെഎസ്ഇബിയുടെ വൈദ്യുത ബില്ലടക്കാനുള്ള ചില സംവിധാനങ്ങളിൽ സാങ്കേതിക കാരണത്താൽ തടസ്സം നേരിട്ടുണ്ടെന്നും സെക്ഷൻ ഓഫീസ് കൗണ്ടറുകൾ വഴിയും കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റ് ആയ www.kseb.in വഴിയും പണമടയ്ക്കാൻ സാധിക്കും എന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം തുടങ്ങിയ ബിബിപിഎസ് സംവിധാനങ്ങൾ, അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ കെഎസ്ഇബിയുടെ വൈദ്യുത ബില്ലടക്കാനുള്ള സംവിധാനങ്ങളിൽ നേരിട്ട സാങ്കേതിക തടസ്സം എത്രയും വേഗം പരിഹരിക്കാനുള്ള ഊർജിതമായ ശ്രമം തുടരുകയാണെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക