ഗായിക കെ എസ് ചിത്രയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചതിന് ഗായകൻ സൂരജ് സന്തോഷിനെ നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിലായി. സംഭവത്തിൽ എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സമയത്ത് വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഗായിക കെഎസ് ചിത്രയുടെ വീഡിയോ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വീഡിയോക്ക് നേരെ വിമർശനവുമായി ഗായകൻ സൂരജ് സന്തോഷും രംഗത്ത് വന്നിരുന്നു.
ചിത്രക്കെതിരായ പരാമർശത്തിന് സൂരജിനെതിരെ വൻ സൈബർ ആക്രമണമാണ് ഉണ്ടായത്. സൂരജിനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനുമാണ് ഉണ്ണികൃഷ്ണൻ എന്നയാളെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ തുടർന്ന് ജാമ്യത്തിൽ വിടുകയും ചെയ്തു.
ഗായിക കെ എസ് ചിത്രയുടെ വീഡിയോക്ക് ‘ചിത്രയെ പോലുള്ള കപട മുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട്’ എന്നായിരുന്നു സൂരജ് സന്തോഷ് നടത്തിയ വിമർശനം. ചിത്രക്കെതിരായ പരാമർശത്തിന് വൻ സൈബർ ആക്രമണത്തിന് ഇരയായ തനിക്ക് പിന്തുണ നൽകിയില്ല ആരോപിച്ച് ഗായകരുടെ കൂട്ടായ്മയായ സമയിൽ നിന്നും സൂരജ് സന്തോഷ് രാജിവെക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക