പ്രീബുക്കിങ് ആരംഭിച്ചത് പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും പുറത്ത്. പണ്ടത്തെ ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ എന്നാണ് കൈനറ്റിക്കിന്റെ അവകാശവാദം. വൈദ്യുത മോഡലിൽ പെഡലുകളില്ലെന്നതു മാത്രമാണ് ഇതിലുള്ള വ്യത്യാസം. പല ഇ കൊമേഴ്സ് വെബ്സൈറ്റുകളിലും 71,990 രൂപ മുതല്‍ 74,990 രൂപ വരെയാണ് ഇ ലൂണക്ക് വില കൊടുത്തിരിക്കുന്നത്.
ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാവുന്ന നിലയിലാണ് പിന് സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഇ ലൂണയേയും എളുപ്പം ഇരുചക്ര ‘ചരക്കു’ വാഹനമാക്കാന്‍ സഹായിക്കും. ആകെ 96 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. 760എംഎം മാത്രം സീറ്റിന് ഉയരമുള്ള ഈ ചെറു വാഹനം വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
രൂപത്തില്‍ ചെറുതാണെങ്കിലും വലിയ പല ഇരുചക്രവാഹനങ്ങള്‍ക്കും സ്വപ്നം പോലും കാണാനാവാത്ത കരുത്തുള്ള ജോലികള്‍ നേരത്തെയും ചെയ്തു ലൂണ ഞെട്ടിച്ചിട്ടുണ്ട്. അതിനാൽ ഇ ലൂണയും നാട്ടിന്പുറങ്ങളുടെ ഇഷ്ടവാഹനമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക