വളരെ നിസാരമായി നാം കാണുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അലർജി. അലർജിയെ ഒരു രോഗമായോ രോഗ ലക്ഷണമായോ കാണാൻ നമ്മളിൽ പലരും ഇപ്പോഴും തയ്യാറല്ല. എന്നാൽ നമ്മൾ നിസാരമായി കാണുന്ന അലർജി വളരെയധികം ഗൗരവം അർഹിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ചെറിയ ലക്ഷണങ്ങളില്‍ തുടങ്ങുന്ന അലര്‍ജി പ്രശ്നങ്ങൾ പലരും ആദ്യഘട്ടങ്ങളില്‍ അടക്കി നിര്‍ത്തുകയാണ് പതിവ്. പിന്നീട് നിത്യജീവിതത്തെ പോലും ഗുരുതരമായി ബാധിച്ചു തുടങ്ങുമ്പോഴാണ് ഇതിന്റെ ചികിൽസയെ കുറിച്ച് പലരും ചിന്തിച്ചു തുടങ്ങുന്നതു തന്നെ.
തണുപ്പോ പൊടിയോ പുകയോ ഏറ്റാല്‍ ഉണ്ടാവുന്ന തുമ്മല്‍, ശ്വാസ തടസം, തൊലിപ്പുറത്തുണ്ടാവുന്ന ചൊറിച്ചില്‍, ചുവന്ന പാടുകള്‍, പ്രത്യേക ഭക്ഷണം കഴിച്ചാല്‍ ഉണ്ടാവുന്ന ചെറിയ വേദനകള്‍, എരിച്ചിലുകള്‍, വയറുവേദന, ഛര്‍ദ്ദി എന്നു തുടങ്ങി അലര്‍ജിയുടെ പ്രകടമായ രൂപങ്ങള്‍ പലതാണ്.
അലർജിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. അലർജിക്കു കാരണമായ ഘടകങ്ങൾ പൂർണമായും ഒഴിവാക്കുക.
2. മരുന്നിനോട് ഒരിക്കൽ അലർജി വന്നിട്ടുള്ളവർ കാരണമായ മരുന്നുകളുടെ പേരുകൾ ഓർത്തു വെക്കുകയും പേഴ്സിലോ മറ്റോ എഴുതി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അടുത്ത ബന്ധുക്കളും ഇതേക്കുറിച്ച് ബോധവാൻമാർ ആയിരിക്കണം. ഏതു രോഗത്തിന്റെ ചികിൽസക്കായി ആശുപത്രിയിൽ പോകേണ്ടി വന്നാലും മരുന്നിന്റെ വിവരങ്ങൾ ഡോക്ടറെ ധരിപ്പിക്കണം.
3. അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർ ചർമം വരളാതെ സൂക്ഷിക്കുക, എണ്ണകളും മോയ്സ്ചറൈസറുകളും ഇതിനായി ഉപയോഗിക്കാം. (കുട്ടികളിൽ വളരെ സാധാരണയായി കണ്ടു വരുന്ന ത്വക് രോഗമാണ് അറ്റോപിക് ഡെർമറ്റൈറ്റിസ്. കൈ കുഞ്ഞുങ്ങളിൽ കവിളത്തും മുട്ടിലിഴയാൻ തുടങ്ങുമ്പോൾ കാലുകളിലും കൈകളിലും വെള്ളമൊലിക്കുന്ന ചുവന്ന പാടുകളായും മുതിർന്നവരിൽ കൈകാൽ മടക്കുകളിൽ കറുത്ത കട്ടിയുള്ള തടിപ്പുകളായും അറ്റോപിക് ഡെർമറ്റൈറ്റിസ് കണ്ടു വരുന്നു. അസഹനീയമായ ചൊറിച്ചിൽ ഒരു പ്രധാന രോഗലക്ഷണമാണ്.)
4. മരുന്നുകൾ ഉപയോഗിച്ച് ചൊറിച്ചിൽ നിയന്ത്രണവിധേയമാക്കുക.
5. അലർജിക് കൺജങ്ക്റ്റിവൈറ്റിസ് ഉള്ളവർ കണ്ണ് തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കണം. (നമ്മുടെ കണ്ണിലെ നേത്ര ഗോളങ്ങളെ പൊതിഞ്ഞിരിക്കുന്ന ആവരണമായ കൺജങ്ക്റ്റിവ (Conjunctiva) എന്ന് പറയുന്ന പാളിക്ക് ഉണ്ടാകുന്ന അലർജി മൂലമുള്ള നീർകെട്ട് ആണ് ‘അലർജിക് കൺജങ്ക്റ്റിവൈറ്റിസ്’ എന്ന പേരിൽ അറിയപ്പെടുന്നത്.)
6. തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നത് ചൊറിച്ചിലും എരിച്ചിലും കുറക്കാന്‍ സഹായിക്കും.
7. അലര്‍ജി സാധ്യതയുള്ളവര്‍ ചൂടുകാലവും തണുപ്പ് കാലവും പെട്ടെന്ന് മാറുന്ന മാസങ്ങളിൽ ഇരുചക്രവാഹനത്തിലുള്ള യാത്ര ഒഴിവാക്കുന്നത് പരിഗണിക്കേണ്ടതാണ്.
8. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുമ്പോള്‍ മുഖാവരണം ഉള്ള ഹെൽമെറ്റ്, കണ്ണട, മാസ്ക് എന്നിവ ധരിക്കുന്നത് അലർജി വരാനുള്ള സാധ്യത കുറക്കാൻ സഹായിക്കും.
9. ആന്റിഹിസ്റ്റാമിനുകൾ ഉപയോഗിക്കുന്നവർ വാഹനം ഓടിക്കുമ്പോഴും മെഷീനുകൾ പ്രവർത്തിക്കുമ്പോഴും സൂക്ഷിക്കണം, കഴിയുമെങ്കിൽ ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക