മലപ്പുറം ജില്ലയിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകത്തിന്റെ ആദ്യ വോള്യത്തിന്റെ വിതരണമാണ് ആരംഭിച്ചത്.
പാഠപുസ്തക വിതരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ പാഠപുസ്തക ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങ് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള 69,20,607പാഠപുസ്തകങ്ങൾ ആവശ്യമുള്ളിടത്ത് 14,03,607 പുസ്തകങ്ങൾ നിലവിൽ പുസ്തക ഡിപ്പോയിൽ വിതരണത്തിന് എത്തിയിട്ടുണ്ട്.
മലപ്പുറം, മങ്കട വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകളിൽ വിതരണം ചെയ്യാനുള്ള 87,672 പുസ്തകങ്ങളുടെ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പുസ്തകവിതരണത്തിന് സൊസൈറ്റികൾ, സ്കൂളുകൾ എന്നിവയുടെ സഹകരണം ഉണ്ടാകണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ അറിയിച്ചിട്ടുണ്ട്.
പാഠപുസ്തക വിതരണത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ കുടുംബശ്രീ ജില്ലാ ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ,പാഠപുസ്തക ഹബ്ബിലെ ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക