മലപ്പുറം: ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷയെഴുതിപ്പിച്ചു. മലപ്പുറം താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓൾഡ് സ്കീം പരീക്ഷാ പേപ്പർ ന്യൂ സ്കീമിൽ പരീക്ഷയെഴുതുന്ന കുട്ടികൾക്കാണ് മാറിനൽകിയത്.
ഇന്ന് നടന്ന ഹയർ സെക്കൻഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. പരീക്ഷ പൂർത്തിയായതിനുശേഷമാണ് ചോദ്യപേപ്പർ മാറിയത് അറിയുന്നത്. ഉടൻ തന്നെ അധ്യാപകർ കുട്ടികളെ വിളിച്ചുവരുത്തി രണ്ടാമതും പരീക്ഷയെഴുതിപ്പിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് മാര്‍ച്ച് ഒന്നിനാണ് ഈ അധ്യയന വര്‍ഷത്തെ ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിച്ചത്. ഇത്തവണ പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷയെഴുതുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ 26 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.
2017 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. കേരളത്തിന് പുറമെ ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിൽ-1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ്. മാർച്ച് ഒന്നുമുതൽ 26 വരെയാണ് വി.എച്ച്.എസ്.സി. പരീക്ഷ. മൊത്തം 57,107 വിദ്യാർഥികൾ. എസ്.എസ്.എൽ.സി.യിൽ 4,27,223 പേരാണ് പരീക്ഷയെഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക