ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് വയമ്പ്. വാക്കിനും ബുദ്ധിക്കും വയമ്പിനോളം ഒന്നില്ല എന്ന് ആയുര്‍വ്വേദ മതം. നവജാത ശിശുക്കൾക്ക് വയമ്പും സ്വർണവും തേനിൽ ഉരച്ചെടുത്ത് നാക്കിൽ തേച്ചുകൊടുക്കുന്ന പതിവ് കേരളത്തിൽ പലയിടങ്ങളിലും ഇപ്പോഴും പ്രചാരത്തിലുണ്ട്. നാക്കിലെ പൂപ്പൽ മാറ്റുന്നതിനും സ്ഫുടമായ ഉച്ചാരണ ശേഷി ലഭിക്കുന്നതിനും ഉദരരോഗങ്ങൾ ശമിപ്പിക്കുന്നതിനും വേണ്ടിയാണ് വയമ്പ് ഇങ്ങനെ നൽകുന്നത്.
ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു.
കഫസംബന്ധമായ രോഗങ്ങൾക്കും അപസ്മാരത്തിനും വയമ്പ് ഉപയോഗിക്കുന്നു. കേരളത്തിൽ അപൂർവമായെങ്കിലും ചില വീടുകളിൽ വയമ്പ് കൃഷി ചെയ്യുന്നുണ്ട്.
മണ്ണിനടിയിൽ വളരുന്ന കാണ്ഡവും പരന്നു ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഇലകളുമാണു വയമ്പിനുള്ളത്. ഗ്ലാഡിയോസ് ചെടികളുമായി രൂപസാദൃശ്യമുണ്ട്.
എല്ലാ ഗൃഹങ്ങളിലും വളരെ അത്യാവശ്യമായി വളര്‍ത്താവുന്ന ഒരു ഔഷധസസ്യമാണ് വയമ്പ്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ പല ബാലാരിഷ്ടതകള്‍ക്കും ഉത്തമ ഔഷധമാണ് വയമ്പ്. ശീതളപാനീയങ്ങള്‍ക്ക് രുചിയും, മണവും, ഔഷധമൂല്യവും വര്‍ധിപ്പിക്കാന്‍ ചെറിയതോതില്‍ വയമ്പ് ചേര്‍ക്കാറുണ്ട്.
ഔഷധമൂല്യങ്ങള്‍ക്ക് പുറമേ വയമ്പിന് മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്. ഉണങ്ങിയ കിഴങ്ങുകള്‍ അലമാരകളിലും മറ്റും സൂക്ഷിച്ചാല്‍ ഉപദ്രവകാരികളായ കീടങ്ങളുടെയും ശല്യം ഒഴിവാക്കാം. ഇതെല്ലാം കൂടാതെ വയമ്പ്, കായം, വെളുത്തുള്ളി എന്നീ മിശ്രിതം തളിക്കുക വഴി വീടുകളിലെ പാമ്പിന്ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും തടാക കരകളിലും കുളങ്ങളുടെ വശങ്ങളിലും എല്ലാം സമൃദ്ധിയായി വളരുന്ന വയമ്പ്, ചട്ടികളിലും മണ്ണിൽ നേരിട്ടും പ്രയാസമില്ലാതെ വളർത്താം.
വയമ്പിന്റെ കിഴങ്ങ് രണ്ട് സെൻറിമീറ്റർ നീളത്തിൽ കുറുകെ മുറിച്ചെടുത്ത്, ഈർപ്പമുള്ള മണലിൽ പാകിയാൽ രണ്ട് ആഴ്ചക്കകം പല മുളകൾ പൊട്ടിവരും. ചെറിയ പ്ലാസ്റ്റിക് കവറുകളിൽ ഇവ പറിച്ചുനട്ട് മുളകൾക്ക് പത്തു സെൻറിമീറ്റർ ഉയരം വെക്കുമ്പോൾ ചട്ടികളിലോ തടങ്ങളിലോ നട്ടുപിടിപ്പിക്കാം.
ഓരോ കഷണത്തിൽ നിന്നും പല മുളകൾ പൊട്ടിവരും. ഇവ ഓരോന്നും കിഴങ്ങിൽനിന്നു നീക്കം ചെയ്ത് ഈർപ്പമുള്ള മണലിൽ നട്ടു വലുതാകുമ്പോൾ നേരിട്ടു പറിച്ചു നടാം. കൂടുതൽ തൈകൾ തയാറാക്കുന്നതിന് ഈ രീതി നല്ലതാണ്.
പയറുവർഗങ്ങൾക്കും കേടുവരുത്തുന്ന വണ്ടുകളെയും മറ്റും നിയന്ത്രിക്കുന്നതിനും വയമ്പിൻ കിഴങ്ങുകൾക്കു ശക്തിയുണ്ട്. പച്ച വയമ്പ് അരച്ചതു വെളിച്ചെണ്ണയിൽ ചാലിച്ച് ഉപയോഗിച്ചാൽ പേനുകളെ നിയന്ത്രിക്കാമെന്നു പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക