സമീപ സമയത്ത് മലയാളത്തില്‍ നിന്ന് കൈയടി നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം നിർവഹിച്ച ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. കൗതുകമുണര്‍ത്തുന്ന പേരുമായി വന്ന ചിത്രത്തിന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് കിട്ടിയത്. ഇപ്പോഴിതാ ചിത്രം വിദേശ മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുകയാണ്. നാളെയാണ് ചിത്രത്തിന്റെ വിദേശ റിലീസ്.
ഒരു കൾട്ട് വെസ്റ്റേൺ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള- കർണാടക ബോർഡറിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മുഖ്യ കഥാപാത്രമായ ചെമ്പൻ വിനോദും ലുക്മാൻ അവറാനും വരുന്നത്. കൂടാതെ ഒട്ടനവധി പുതുമുഖ താരങ്ങളും സിനിമയിൽ ഉണ്ട്. മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, പ്രവീൺ ടി ജെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ വരുന്നത്.
സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം മണികണ്ഠൻ അയ്യപ്പയാണ്. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി എസ് വാര്യത്ത്. ഗാനങ്ങൾ തിങ്ക് മ്യൂസിക് ഇന്ത്യയാണ് പ്രേക്ഷകർക്ക് മുന്നിൽ ചിത്രം എത്തിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക