ഭക്ഷണ വൈവിധ്യങ്ങളാൽ സമ്പന്നമായ കേരളത്തിലെ ഓരോ പ്രദേശത്തിനും അവരവരുടേതായ ഭക്ഷണ വൈവിധ്യങ്ങൾ ഉണ്ട്. അത്തരത്തിൽ മലബാർ രുചിയായി അറിയപ്പെടുന്ന ഒന്നാണ് കായ് പോള. പഴുത്ത നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവം വളരെ രുചികരവുമാണ്. ആരോഗ്യകരവും അതുപോലെതന്നെ രുചികരവുമായ കായ് പോള എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഒന്നോ രണ്ടോ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കാം. ഒരു ചീനച്ചട്ടിയിൽ അല്പം നെയ്യ് ഒഴിച്ചതിനു ശേഷം അരിഞ്ഞെടുത്ത നേന്ത്രപ്പഴം ചേർത്തുകൊടുത്ത് വറുത്തെടുക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര പൊടിച്ചെടുത്തത് ചേർത്തു കൊടുക്കണം. അല്പം പാൽപ്പൊടിയും കുറച്ച് ഏലക്കാപ്പൊടിയും കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കാം.
ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം നെയ്യിൽ വറുത്ത് മാറ്റിവച്ചിരിക്കുന്ന നേന്ത്രപ്പഴം കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. ഇനി ഒരു ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടാക്കിയതിനുശേഷം അതിനു മുകളിലേക്ക് ഒരു പാൻ വെച്ചു കൊടുക്കാം. പാനിലേക്ക് അല്പം നെയ്യ് ഒഴിച്ചതിനു ശേഷം ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന പഴത്തിന്റെ മികച്ച കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കണം.
ഒരു മിനിറ്റ് കഴിഞ്ഞതിനുശേഷം ഇതിനു മുകളിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇട്ടു കൊടുക്കാം. കുറച്ച്സമയം അടച്ചുവെച്ച് വേവിച്ചെടുക്കാം. മറ്റൊരു പാൻ എടുത്ത് നെയ് തടവിയതിനു ശേഷം ഇത് തിരിച്ചിട്ട് കൊടുക്കണം. അടച്ചുവെച്ച് വേവിച്ചെടുക്കാം. രുചികരമായ കായ് പോള റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക