നീണ്ട പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയായി നടി താപ്സി പന്നു. ബാഡ്മിന്റൺ പരിശീലകനും ഡെന്മാർക്ക് വംശജനുമായ മതിയാസ് ബോയ്യെ ആണ് താപ്സിയുടെ വരൻ. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ കഴിഞ്ഞ ശനിയാഴ്ച ഉദയ്പൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
സിനിമാ രംഗത്ത് നിന്നും സംവിധായകനായ അനുരാഗ് കശ്യപ്, പവയിൽ ഗുലാത്തി എന്നിവർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. പത്തുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ 2013 ൽ നടന്ന ഉദ്ഘാടന വേളയിലാണ് ഇരുവരും പരസ്പരം കണ്ടുമുട്ടുന്നത്. അന്ന് ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.
രാജ് കുമാര്‍ ഹിരാനി ഒരുക്കിയ ‘ഡെങ്കി’ എന്ന ചിത്രമാണ് താപ്സിയുടേതായി ഏറ്റവും ഒടുവിൽ തീയറ്ററുകളിൽ എത്തിയ ചിത്രം. മമ്മൂട്ടി നായകനായി എത്തിയ ‘ഡബിൾസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് താരം ‘ജുമ്മാന്ദി നാദം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.
‘ആടുകളം’ എന്ന ധനുഷ് നായകനായി എത്തിയ ചിത്രത്തിലെ നായികാവേഷം താരത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ‘ചശ്മേ ബദൂർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. പിന്നീട് ബേബി, പിങ്ക് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ അവിഭാജ്യ ഘടകമായി താപ്സി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക