രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സിനിമ സംവിധാനം ചെയ്യുന്നു എന്ന പ്രഖ്യാപനം വന്നതുമുതൽ ആരാധകർ ആകാംക്ഷയിലാണ്. തലൈവര്‍ 171 എന്നാണ് വിശേഷണപ്പേര്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്.
സിനിമയുടെ പേര് ഈ വരുന്ന ഏപ്രിൽ 22-ന് പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ നിർമാതാക്കളും സംവിധായകൻ ലോകേഷ് കനകരാജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സ്വർണനിറമുള്ള ഫ്രെയിമുള്ള ഗ്ലാസ് ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. ചുരുട്ടിപ്പിടിച്ച രണ്ട് കൈകളും വിലങ്ങെന്നപോലെ സ്വർണവാച്ചുകൾകൊണ്ട് ബന്ധിച്ചിരിക്കുന്നതായും കാണാം.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.
സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
വിജയ്യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക