വേനൽ ചൂടിനൊപ്പം നോമ്പു കാലവും ആരംഭിച്ചതോടെ തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്. ധാരാളം ജലാംശം അടങ്ങിയ ഒന്നായതിനാൽ കടുത്ത വേനലിൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് തണ്ണിമത്തൻ കഴിക്കുന്നതിലൂടെ സാധിക്കും. തണ്ണിമത്തനിൽ 92 ശതമാനവും ജലാംശം ആണ് ഉള്ളത്.
തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് മിക്കവാറും എല്ലാവരും. എന്നാൽ തണ്ണിമത്തൻ ഇത്തരത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിന്റെ പോഷക ഗുണങ്ങൾ നഷ്ടപ്പെടുത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്ന തണ്ണിമത്തന് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പോഷക ഗുണമുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതുകൂടാതെ തണ്ണിമത്തൻ മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ബാക്ടീരിയകൾ വളരുന്നതിന് ഇടയാക്കും എന്നും വിദഗ്ധർ പറയുന്നുണ്ട്. തണുപ്പിച്ച തണ്ണിമത്തൻ ആണ് കഴിക്കാൻ ആഗ്രഹമെങ്കിൽ മിൽക്ക് ഷേക്ക് രൂപത്തിലോ സ്മൂത്തിയായോ ഒക്കെ കഴിക്കുന്നതാണ് നല്ലത്.
ധാരാളം ജലാംശം അടങ്ങിയ തണ്ണിമത്തനിൽ അമിനോ ആസിഡുകൾ, ലൈക്കോപ്പീൻ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ ഉൽപാദനത്തിന് സഹായിക്കുന്ന സിട്രൂലിൻ തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പൊതുവേ കലോറി കുറവുള്ള ഒന്നായതിനാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഏറെ നേരം വിശപ്പ് ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമെല്ലാം തണ്ണിമത്തൻ സഹായിക്കും. ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതിന് തണ്ണിമത്തൻ പഴമായോ ജ്യൂസായോ ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക