വളരെ ഉയർന്ന താപനില അനുഭവപ്പെടുന്ന കേരളത്തിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. ശരീരത്തിൽ നിന്ന് അളവിലേറെ ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് 90% വും ജലാംശം അടങ്ങിയിരിക്കുന്ന കക്കരി പോലെയുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെയധികം ആവശ്യമാണ്.
ആന്റി ഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും മികച്ച ഉറവിടം കൂടിയാണ് കക്കരി. സാലഡ് ആയോ ജ്യൂസ് ആയോ കക്കരി നമുക്ക് ഉപയോഗിക്കാൻ സാധിക്കും. ശരീരത്തിൽ ജലാംശം നിലനിർത്തും എന്നത് തന്നെയാണ് കക്കരിയുടെ എടുത്തു പറയേണ്ട ഏറ്റവും വലിയ സവിശേഷത. കക്കരി ജ്യൂസ് കുടിക്കുന്നതിലൂടെ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് സഹായിക്കും.
വേനൽക്കാലത്ത് ചർമത്തിന്റെ ആരോഗ്യത്തിനും കക്കരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫലപ്രദമാണ്. വേനൽക്കാലത്ത് ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുകയും പ്രായ കൂടുതൽ തോന്നുന്നത് പിടിച്ചുനിർത്തുന്നതിനും കക്കരി കഴിക്കുന്നത് സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയ ഒന്നായതിനാൽ ദഹന ആരോഗ്യത്തിന് കക്കരി അത്യന്താപേക്ഷിതമാണ്.
ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന നെഞ്ചരിച്ചിൽ, ഗ്യാസ്ട്രബിൾ, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മലബന്ധം അകറ്റുന്നതിനും കക്കരി സഹായിക്കും. ബീറ്റാ കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ കക്കരി സഹായിക്കുന്നുണ്ട്.
90%ത്തിലധികം വെള്ളം അടങ്ങിയിരിക്കുന്ന കക്കരിയിൽ കലോറി വളരെയധികം കുറവായതിനാൽ ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കക്കരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഫലപ്രദമാണ്. ഇവ കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയുടെ മികച്ച ഉറവിടം കൂടിയാണ് കക്കരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക