റിലീസ് ദിവസം മുതൽ തിയേറ്ററുകൾ കീഴടക്കിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ ആണ് സ്വന്തമാക്കിയത്. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.
തമിഴിലും ചിത്രം ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ 50 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടി. ഇപ്പോഴിതാ തെലുഗു ആരാധകരെ കയ്യിലെടുക്കാൻ എത്തുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിന്റെ തെലുഗു പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്.
ഏപ്രില്‍ 6 നാണ് ചിത്രത്തിന്റെ തെലുഗു റിലീസ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്റര്ടെയ്ന്മെന്റ്, സുകുമാര്‍ റൈറ്റിംഗ്സ് എന്നിവര്‍ ചേര്‍ന്നാണ് തെലുഗിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ ഫെബ്രുവരി 22നാണ് തിയേറ്ററുകളിലെത്തിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ ചിത്രം നിലവിൽ തിയറ്റർ റൺ തുടരുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ സർവൈവൽ ത്രില്ലർ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക