നടൻ ദീപക് പറമ്പോലും നടി അപർണദാസും വിവാഹിതരാകുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹിതരാകുന്നത്. ‘മനോഹരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ അപർണ്ണ ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ദീപക് പറമ്പോലും അപർണ്ണയ്ക്കൊപ്പം ‘മനോഹരം’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിജയ് കേന്ദ്ര കഥാപാത്രമായി എത്തിയ ‘ബീസ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അപർണ സിനിമാ രംഗത്ത് എത്തുന്നത്. ‘ഡാഡ’ എന്ന കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രത്തിലെ നായിക കഥാപാത്രം അപർണ്ണയ്ക്ക് വൻകയ്യടി നേടിക്കൊടുത്തു.
കഴിഞ്ഞവർഷം ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം നടത്തി. ‘സീക്രട്ട് ഹോം’ എന്ന ചിത്രമാണ് അപർണയുടേതായി ഏറ്റവും ഒടുവിൽ റിലീസിന് എത്തിയത്. അപർണയും അർജുൻ അശോകനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മാളികപ്പുറം’ ടീം ഒന്നിക്കുന്ന ‘ആനന്ദ് ശ്രീ ബാല’ എന്ന ചിത്രമാണ് അപർണയുടെ പുതിയ ചിത്രം. ‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ് ആണ്.
‘മലർവാടി ആർട്സ് ക്ലബ്’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ദീപക് പറമ്പോൽ. പിന്നീട് ‘തട്ടത്തിൻ മറയത്ത്’, ‘തിര’, ‘ഡി കമ്പനി’, ‘കുഞ്ഞിരാമായണം’, ‘രക്ഷാധികാരി ബൈജു’, ‘വിശ്വവിഖ്യാതരായ പയ്യന്മാർ’, ‘ക്യാപ്റ്റൻ’, ‘ബിടെക്’, ‘കണ്ണൂർ സ്ക്വാഡ്’ എന്നിങ്ങനെ ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമായ ദീപക് അടുത്തിടെ തീയേറ്ററുകൾ ഇളക്കിമറിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി വേഷമിട്ടു.
വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രമാണ് ദീപക് വേഷമിട്ട് പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക