ദിവസവും വ്യത്യസ്തങ്ങളായ സ്നാക്കുകൾ തയ്യാറാക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പ്രത്യേകിച്ചും റമദാൻ മാസത്തിൽ നോമ്പുതുറക്കാൻ. ഒരു മുട്ട ഉണ്ടെങ്കിൽ നോമ്പു തുറക്കാൻ മറ്റ് പലഹാരങ്ങൾ ഒന്നും തന്നെ വേണ്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്നാക്ക് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഒരു മുട്ട എടുത്ത് ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കണം. പിന്നീട് ഇതിലേക്ക് പാകത്തിന് ഉപ്പ്, പൊടിയായി അരിഞ്ഞെടുത്ത സവാള, പച്ചമുളക്, അല്പം കുരുമുളകുപൊടി എന്നിവ ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം ഒരു പാൻ ചൂടാക്കിയതിനുശേഷം മുട്ട ഓംലെറ്റ് അടിച്ചെടുക്കണം. ഓംലെറ്റ് ഉണ്ടാക്കിയതിനുശേഷം ഇത് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
പിന്നീട് ഒരു ബൗളിലേക്ക് അല്പം കടലമാവ്, കുറച്ച് മൈദ എന്നിവ ചേർത്തു കൊടുക്കാം. ഇതിലേക്ക് അല്പം മഞ്ഞൾപൊടിയും എരുവിന് ആവശ്യമായ മുളകുപൊടിയും പാകത്തിന് ഉപ്പും അല്പം ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കാം. നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തതിനുശേഷം കുറേശ്ശെ വെള്ളമൊഴിച്ച് ബജി മാവിന്റെ പരുവത്തിൽ ആക്കി എടുക്കാം.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം നമ്മൾ മുറിച്ച് മാറ്റിവെച്ച ഓംലെറ്റ് കഷണങ്ങൾ എടുത്ത് തയ്യാറാക്കി വെച്ച ബാറ്ററിൽ മുക്കി തിളച്ച എണ്ണയിലിട്ട് വറുത്തു കോരാം. രുചികരമായ ഓംലെറ്റ് വട തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക