ഉർവശി എന്ന അതുല്യ കലാകാരിയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു. സംവിധായകനും നിർമ്മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള ഇന്നലെ വൈകിട്ട് ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് മരണപ്പെട്ടത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കെ ആർ ഉണ്ണികൃഷ്ണൻ നായർ എന്നാണ് യഥാർത്ഥ പേര്. 1984 ലാണ് ഉർവശി കേന്ദ്ര കഥാപാത്രമായി എത്തിയ ‘എതിർപ്പുകൾ’ എന്ന ചിത്രം ഉണ്ണി സംവിധാനം ചെയ്യുന്നത്. 1987 ൽ ‘സ്വർഗം’ എന്ന ചിത്രത്തിലൂടെയും ശ്രദ്ധിക്കപ്പെട്ടു.
‘എതിർപ്പുകൾ’ എന്ന ചിത്രത്തിലെ ‘മനസ്സൊരു മാന്ത്രിക കുതിരയായി’, ‘പൂ നുള്ളും കാറ്റേ’ എന്നീ ഗാനങ്ങളും ‘സ്വർഗ്ഗം’ എന്ന ചിത്രത്തിലെ ‘ഈരേഴു പതിനാലു ലോകങ്ങളിൽ’ എന്ന ഗാനവും ഉണ്ണി ആറന്മുള തന്നെയാണ് രചിച്ചത്. ഈ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു. കോവിഡ് കാലത്ത് പ്രിന്റ്കൾക്ക് തകരാർ സംഭവിച്ചതിനാൽ റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന ‘കമ്പ്യൂട്ടർ കല്യാണം’ എന്ന ചിത്രമാണ് ഉണ്ണി ആറന്മുള ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
സാമ്പത്തിക ശാസ്ത്രത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽനിന്ന് ബിരുദവും തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ഉണ്ണി ആറന്മുള ഡിഫൻസ് അക്കൗണ്ട്സിൽ ഉണ്ടായിരുന്ന ജോലി സിനിമയോടുള്ള അഭിനിവേശം കാരണം ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതനാണ്. നാളെ ഉച്ചയ്ക്ക് ആറന്മുള കോട്ടയ്ക്കകത്തുള്ള വീട്ടുവളപ്പിൽ ആണ് സംസ്കാരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക