വൺപ്ലസ് ഇനി ഇന്ത്യയിൽ ഇല്ല ? യാഥാർഥ്യത്തിൽ വൺപ്ലസ് ഇന്ത്യ വിടുന്നില്ല, പകരം ഇന്ത്യയിലെ ആയിരക്കണക്കിന് ഓഫ്ലൈൻ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഉത്പന്നങ്ങൾ തിരിച്ചെടുക്കുകയാണ്. ഈ വർഷം മെയ് ഒന്ന് മുതൽ, പൂർവിക മൊബൈൽസ്, സംഗീത മൊബൈൽസ് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 4,500 ബ്രിക്ക് ആൻഡ് മോർട്ടാർ സ്റ്റോറുകൾ വൺപ്ലസ് സ്മാർട്ട്ഫോണുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിൽപ്പന അവസാനിപ്പിക്കുമെന്നാണ് സൂചനകൾ. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഓഫ് ലൈൻ സ്റ്റോറുകളിൽ നിന്നാണ് വൺപ്ലസിന്റെ ഫോണുകൾ പിൻവലിക്കാൻ തീരുമാനമായിരിക്കുന്നത്.
മണികൺട്രോളിന്റെ റിപ്പോർട്ടുകൾ പ്രകാരം സൗത്ത് ഇന്ത്യൻ ഓർഗനൈസ്ഡ് റീട്ടെയിലേഴ്സ് അസോസിയേഷൻ (ORA) വൺപ്ലസ് ടെക്നോളജി ഇന്ത്യയുടെ സെയിൽസ് ഡയറക്ടർ രഞ്ജീത് സിംഗിന് പരാതി നൽകിയിട്ടുണ്ട്. അസോസിയേഷന്റെ പല പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. ലാഭ മാർജിനിലെ കുറവും വാറന്റി ക്ലെയിമുകളുടെ കാലതാമസവുമൊക്കെ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വൺപ്ലസിന്റെ കുറഞ്ഞ ലാഭ മാർജിനുകളിൽ ഓഫ് ലൈൻ സ്റ്റോർ പങ്കാളികൾ തൃപ്തരല്ലെന്ന റിപ്പോർട്ട് പുറത്തുവന്നത്. അതിനെ തുടർന്നാണ് വൺപ്ലസ് ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി സ്റ്റോറുകൾ മുന്നോട്ടുപോകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വാറന്റി ക്ലെയിമുകളുടെ കാലതാമസവുമായി ബന്ധപ്പെട്ട് അനേകം പരാതികൾ വന്നിട്ടും വൺപ്ലസ് ഇതിന് പരിഹാരം കാണാനുള്ള മനസ്സ് കാണിച്ചിട്ടില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തുന്നുണ്ട്. പരാതി നൽകിയിട്ടും കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനമോ അഭിപ്രായങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. ഇതിനെ തുടർന്നാണ് പ്രമുഖ റീട്ടെയിൽ വിൽപന സ്റ്റോറുകളായ പൂർവിക മൊബൈൽസ്, സംഗീത മൊബൈൽസുമൊക്കെ വൺപ്ലസ് വില്പന നിർത്താൻ തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക