ലോകത്തിലെ രണ്ട് വന്‍ശക്തികളായ അമേരിക്കയും ചൈനയും ഒപ്പത്തിനൊപ്പമാണ് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ മത്സരിക്കുന്നത്. ചൈനീസ് കമ്പനിയുടെ വാഹനങ്ങള്‍ അമേരിക്കന്‍ വാഹന വിപണിയിലും അമേരിക്കയുടെ ടെസ്ല ഉള്‍പ്പെടെയുള്ള കമ്പനികളുടെ വാഹനങ്ങള്‍ ചൈനയിലും വില്‍പ്പന നടത്തി വരുന്നുണ്ട്. എന്നാല്‍, ഇതിനു തടസ്സം ആകുന്ന നിര്‍ദേശമാണ് കഴിഞ്ഞ ദിവസം സെനറ്റ് ബാങ്കിങ്ങ് കമ്മിറ്റി യു.എസ്. പ്രസിഡന്റ് ആയ ജോ ബൈഡന് മുന്നില്‍ വെച്ചിരിക്കുന്നത്.
അമേരിക്കയിലെ വാഹന വ്യവസായ മേഖലയ്ക്ക് ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് സെനറ്ററായ ഷെറോഡ് ബ്രൗണ്‍ പ്രസിഡന്റ് ബൈഡനോട് നിര്‍ദേശിച്ചിരിക്കുന്നത്. ചൈനീസ് കമ്പനികള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് അനുബന്ധ കമ്പനികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം.
എന്നാല്‍, അദ്ദേഹത്തിന്റെ ആവശ്യത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. പ്രസിഡന്റ് മുമ്പ് നടത്തിയ ചൈനയുടെ നയങ്ങളെ കുറിച്ച് ഉള്ള പ്രതികരണം ഈ ആവശ്യം സാധൂകരിക്കുന്നതാണ്. ചൈന അവരുടെ വാഹനങ്ങള്‍ അധികമായി അമേരിക്കയില്‍ എത്തിക്കുന്നത് രാഷ്ട്രസുരക്ഷയെ പോലും അപകടത്തിലാക്കും, ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നടത്തിയ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക