എഡിറ്ററും സംവിധായകനുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. അഭ വരദരാജ് ആണ് അപ്പു ഭട്ടതിരിയുടെ വധു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അപ്പു ഭട്ടതിരി വിവാഹ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.
“ഞങ്ങൾ പൊരുത്തം കണ്ടു. ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ നടന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞങ്ങൾ വീണ്ടും നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് ഞങ്ങൾ വിവാഹിതരായി. കൂടുതൽ ചർച്ചകൾക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും” എന്നാണ് വിവാഹ വാർത്ത പങ്കുവെച്ചുകൊണ്ട് അപ്പു കുറിച്ചത്.
കുഞ്ഞിരാമായണം, ഒഴിവു ദിവസത്തെ കളി, മാൻഹോൾ, ഒറ്റ മുറിവെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയ അപ്പു ഭട്ടതിരി 2012ൽ പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി ആണ് സിനിമയിലെത്തിയത്.
ഒരാൾപ്പൊക്കം എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായ അപ്പു ഒറ്റമുറി വെളിച്ചം, വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിങ്ങിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. നിഴൽ എന്ന നയൻതാരയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ സ്വതന്ത്ര സംവിധായകനായി എത്തിയ അപ്പു ഭട്ടതിരി ഏറ്റവും അവസാനമായി എഡിറ്റിംഗ് നിർവഹിച്ച ചിത്രം ആനന്ദപുരം ഡയറീസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക