വാട്സാപ്പ് ചാറ്റുകളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന കാര്യത്തിൽ നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന് സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് വാട്സാപ്പ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷന് പ്രക്രിയ കൂടുതല്‍ മെച്ചമാക്കാൻ വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
പാസ് കീ സൗകര്യം വരുന്നതോടെ വാട്സാപ്പില്‍ ലോഗിന്‍ ചെയ്യുന്നതിന് എസ്എംഎസ് വഴിയുള്ള വണ്‍ ടൈം പാസ് കോഡിന്റെ ആവശ്യം വേണ്ടാതാകും. ഇതിന് പകരമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍, ബയോമെട്രിക്സ്, ആപ്പിള്‍ പാസ് കീ മാനേജറില്‍ ശേഖരിച്ച പിന് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാൻ സാധിക്കും.
നിങ്ങളുടെ സിം കാര്‍ഡിന്റെ പകര്‍പ്പുണ്ടാക്കുകയോ, ഫോണിലെ ഒടിപി ഏതെങ്കിലും വിധത്തില്‍ കൈക്കലാക്കുകയോ ചെയ്താല്‍ വാട്സാപ്പ് മറ്റൊരാള്‍ക്ക് എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും. എന്നാല്‍ പാസ് കീയുടെ സംരക്ഷണത്തിലാണെങ്കില്‍ ആ ആശങ്കയുടെ കാര്യമില്ല.
വാട്സാപ്പ് അപ്ഡേറ്റ് ചെയ്താൽ ഈ ഫീച്ചര്‍ ലഭിക്കും. സെറ്റിങ്സില്‍ അക്കൗണ്ട് തിരഞ്ഞെടുത്താല്‍ പാസ് കീ ഓപ്ഷന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക