ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അവക്കാഡോ പോലെ തന്നെ നിരവധി ഗുണങ്ങള്‍ ഉള്ളതാണ് അവക്കാഡോ ഓയിലും. ചർമ്മത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, എ, ഡി, ലെസിതിൻ എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് അവോക്കാഡോ ഓയിൽ.
ഇത് ചർമ്മത്തിനും മുടിക്കും വളരെ നല്ല പോഷണം നൽകുന്നതാണ്. വരണ്ട ചർമ്മമുള്ളവർക്ക് ഈ ഓയിൽ ഏറെ ഗുണം ചെയ്യും. ഇത് പൊതുവെ കട്ടി കുറഞ്ഞതും അതുപോലെ ചർമ്മത്തിനും തലയോട്ടിയിൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ പറ്റുന്നതുമാണ്. ചർമ്മത്തിന്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഈ എണ്ണ.
അവോക്കാഡോ ഓയിൽ മുഖക്കുരു തടയാൻ സഹായിക്കുന്ന മികച്ചൊരു പരിഹാര മാർഗമാണ്. അവോക്കാഡോ ഓയിൽ മുഖത്ത് പുരട്ടുന്നതും ചെറു ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുന്നതും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും എണ്ണമയമുള്ളതാക്കുകയും ചെയ്യും. ഇത് മുഖക്കുരു സാധ്യത കുറയ്ക്കും.
ചർമ്മത്തിന് ഏറ്റവും പ്രധാനമായും ആവശ്യമുള്ള വൈറ്റാമിൻ ഇ കൂടാതെ, പൊട്ടാസ്യം ലെസിത്തിൻ എന്നീ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും മോയ്സ്ചറൈസ് ചെയ്യാനും വളരെയധികം സഹായിക്കുന്നു.
ചർമ്മത്തിന്റെ പുറം പാളിയിലെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും പുതിയ ചർമ്മത്തിന്റെ രൂപീകരണത്തിനും സഹായിക്കുന്നതാണ്. ഇതിലൂടെ ചർമ്മത്തിന് നല്ല ആരോഗ്യവും തിളക്കവും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് പലരുടെയും ചർമ്മത്തെ മോശമായി ബാധിക്കാറുണ്ട്. അവക്കാഡോ ഓയിലിന്റെ ഉപയോഗം ഇതിനുള്ള പരിഹാരമാണ്. ഇതിലുള്ള ആൻ്റി ഓക്സിഡൻ്റുകൾ സൂര്യതാപം മൂലമുള്ള പ്രശ്നങ്ങളെ അകറ്റാൻ ഏറെ നല്ലതാണ്.
വൈറ്റമിൻ ഇ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഡി, പ്രോട്ടീൻ, ലെസിതിൻ, ഫാറ്റി ആസിഡുകൾ എന്നിവ ചർമ്മത്തെ സുഖപ്പെടുത്താൻ സഹായിക്കുന്നു. ഇത് കഴിക്കുന്നത് ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാൻ ഏറെ നല്ലതാണ് അവക്കാഡോ ഓയിൽ. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കൊളജൻ ഉത്പ്പാദനം വർധിപ്പിക്കാനും ഏറെ നല്ലതാണ് ഈ ഓയിൽ. ചർമ്മത്തിലെ നേർത്ത വരകളും അതുപോലെ പാടുകളും മാറ്റാൻ ഏറെ നല്ലതാണിത്. ശക്തമായ ആൻ്റി ഓക്സിഡൻ്റായ വൈറ്റമിൻ ഇ ചർമ്മത്തിന് ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക