അക്രമത്തിനിരയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ പേര് പരാമർശിച്ചതിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ട്വിറ്ററിനുമെതിരെ മഹാരാഷ്ട്ര ബാലാവകാശ കമ്മീഷൻ നോട്ടീസയച്ചു. അമൽ ജാദവ് എന്നയാളുടെ പരാതിയിന്മേലാണ് നടപടി. കഴിഞ്ഞയാഴ്ച് മഹാരാഷ്ട്രയിലെ ജൽഗാവിൽ മേൽജാതിക്കാരന്റെ കുളത്തിൽ നീന്തിയതിന് രണ്ടു കുട്ടികളെ ഒരു സംഘം ആളുകൾ വിവസ്ത്രരാക്കി മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ആക്രമണത്തിനെതിരായ കുട്ടികളുടെ പേര് മറയ്ക്കാതെയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. ഇതേത്തുടർന്ന് ലഭിച്ച പരാതിയിന്മേലാണ് നോട്ടീസ്.
ബാലനീതി നിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രായപൂർത്തിയാകാത്ത ഇരകളുടെ വിവരം വെളിപ്പെടുത്താൻ പാടില്ല. ഇത് ലംഘിച്ചതിനാണ് രാഹുലിനും ട്വിറ്ററിനും നോട്ടീസ് അയച്ചതെന്ന് കമ്മീഷൻ പ്രസിഡന്റ് പ്രവീൺ ഗുജ്ജ് പറഞ്ഞു. എന്നാൽകമ്മീഷന്റെ ഈ നടപടി അസംബന്ധമാണെന്നും ബാലാവകാശം സംരക്ഷിക്കാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിക്കാണ് ഈ നോട്ടീസ് അയക്കേണ്ടതെന്നും രാഹുലിനെ അനുകൂലിച്ച ചിലർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക