പ്രേക്ഷക പ്രതീക്ഷകളെ എപ്പോഴും തകിടം മറിക്കുന്ന നടനാണ് മമ്മൂട്ടി. ചിത്രം ഇറങ്ങുന്നതിനു തൊട്ട് മുൻപ് വരെ പുറത്തുവരുന്ന വിവരങ്ങളും സംവിധായകന്റെ ശൈലിയുമൊക്കെ വച്ച് മനസ്സിൽ കെട്ടിപ്പൊക്കുന്ന പ്രതീക്ഷകളുമായി മമ്മൂട്ടിച്ചിത്രം കാണാൻ കയറിയാൽ ഫലം വിപരീതമാകും. അങ്ങനെ എപ്പോഴും മമ്മൂട്ടി തന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടേയിരിക്കും. എന്നാൽ ഇത്തവണ പ്രേക്ഷക പ്രതീക്ഷകൾ തെറ്റിയില്ല.ഒരു പക്കാ ഫാമിലി എന്റർടൈനറുമായിട്ടാണ് മമ്മുക്ക എത്തിയിരിക്കുന്നത്.
മഹാപ്രളയം മലയാളികളുടെ ഓണാഘോഷങ്ങൾക്കും മങ്ങലേൽപ്പിച്ചപ്പോൾ ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്യാൻ തയ്യാറായ എല്ലാ ചിത്രങ്ങളുടെയും റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഓണത്തോടനുബന്ധിച്ചു പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒരു കുട്ടനാടൻ ബ്ലോഗ്. ആ കാത്തിരിപ്പ് വെറുതെയായില്ല എന്ന് തന്നെ പറയാം. എല്ലാ തരാം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനറാണ് സേതു തന്റെ ആദ്യ ചിത്രത്തിലൊരുക്കിയിരിക്കുന്നത്.
നിറയെ തമാശയുള്ള, ഇടയ്ക്കിടെ കണ്ണ് നനയിപ്പിക്കുന്ന, നാട്ടിൻപുറത്തിന്റെ നന്മകൾ ആവോളമുള്ള ചിത്രമാണ് കുട്ടനാടൻ ബ്ലോഗ്. സമീപകാല മമ്മൂട്ടി ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന തരത്തിൽ മമ്മൂട്ടിയിലൂടെ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് സേതു.
താരസാന്നിധ്യത്തിന്റെ കാര്യത്തിൽ കുട്ടനാടൻ ബ്ലോഗ് സമ്പന്നമാണ്. റായ് ലക്ഷ്മി, ഷംന കാസിം, അനു സിതാര തുടങ്ങിയവരാണ് നായികമാർ. ഒരിടവേളയ്ക്ക് ശേഷം ലാലു അലക്സ് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ചിത്രത്തിൽ. നെടുമുടി വേണുവിന്റെ കഥാപാത്രവും എടുത്തു പറയേണ്ടതാണ്. തെസ്നി ഖാന്, കൃഷ്ണപ്രസാദ്, സണ്ണി വെയ്ന്‍, ജൂഡ്, ഗ്രിഗറി തുടങ്ങി മികച്ച പ്രകടനവുമായി ഒട്ടേറെ താരങ്ങള്‍ കുട്ടനാടന്‍ ബ്ലോഗിലുണ്ട്.
കുട്ടനാടിന്റെ പ്രകൃതിഭംഗി മുഴുവൻ ചിത്രത്തിലുടനീളം കാണാൻ സാധിക്കും. പ്രളയം തകർത്തെറിഞ്ഞ കുട്ടനാടിന്റെ പൂർവ്വചിത്രം കാണാൻ കഴിയുന്ന ഒരവസരം കൂടിയാണ് ഈ ചിത്രം. പ്രദീപ് നായരുടെ ക്യാമറ കുട്ടനാടന്‍ ഭംഗിയെ ചാരുത ഒട്ടും ചോരാതെ ഒപ്പിയെടുത്തിരിക്കുന്നു.
പ്രളയത്തെ തുടർന്ന് ഓണാഘോഷങ്ങളൊഴിവാക്കിയ മലയാളിക്ക് ഓണാഘോഷ പ്രതീതിയോടെ കുടുംബത്തോടൊപ്പം ചെന്നിരുന്ന് കാണാൻ സാധിക്കുന്ന ഒരു ക്ളീൻ ഫാമിലി എന്റർടൈനറാണ് ഒരു കുട്ടനാടൻ ബ്ലോഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക