സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നുമായ സീവുഡ്സ് ഗ്രാന്റ് സെൻട്രൽ മാളും കൈകോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.
വരുന്ന ആഗസ്ത് 31 ന് പത്തര മുതൽ ഭീമൻ പൂക്കളം സീവുഡ്സ് ഗ്രാന്റ് സെൻട്രൽ മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി ഒരുങ്ങും. അന്ന് വൈകീട്ട് നാലര മുതൽ ഒമ്പതര വരെ വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറും.
ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, തെയ്യം, മവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, മാർഗ്ഗം കളി, ഒപ്പന എന്നിവയുണ്ടാവും.കൂടാതെ പരശുരാമൻ, വാമനൻ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും കലാസന്ധ്യയിൽ അണിനിരക്കും.
ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്.
ജാതി – മത – ദേശ – ഭാഷ – തൊഴിൽ – സമാജ സംഘടന – രാഷ്ട്ര – രാഷ്ട്രീയ ഭേദമന്യേ, സീവുഡ്സ് സമാജം കഴിഞ്ഞ വർഷം ഗ്രാന്റ് സെൻട്രൽ മാളിൽ ഭീമൻ പൂക്കളമൊരുക്കി പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങേകാൻ മുന്നിട്ടിറങ്ങി വന്നിരുന്നു.
ശ്യാമസുന്ദരകേരകേദാര ഭൂമിയുടെ സംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് സാംസ്ക്കരിക പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് നൂറിൽപരം സീവുഡ്സ് സമാജത്തിന്റെ കലാകാരന്മാരാണ്.
മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ഇത് മൂന്നാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാൻ സീവുഡ്സ് ഗ്രാൻറ് സെൻട്രൽ മാളുമായി കൈകോർക്കുന്നത്.
ഇതാദ്യമായാണ് ഓണം ഓപ്പുലൻസിൽ തെയ്യവും വാമനന്നും പരശുരാമനും അരങ്ങേറുന്നതും
ബന്ധപ്പെടേണ്ട ആൾ: പി ജി ആർ നായർ
മൊബൈൽ: 9665982686
പ്രതികരിക്കാൻ ഇവിടെ എഴുതുക