നമ്മുടെ ശരീരത്തിന് മതിയായ അളവിൽ ഉല്പാദിപ്പിക്കാൻ സാധിക്കാത്തതും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലേക്കു സ്വംശീകരിക്കപ്പെടുന്നവയുമായ ഘടകങ്ങളാണ് പോഷകങ്ങൾ. രോഗ പ്രതിരോധശേഷിക്കും വളർച്ചയ്ക്കും നല്ല ആരോഗ്യത്തിനും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പോഷകങ്ങൾ.
എണ്ണമറ്റ ഈ പോഷക ഘടകങ്ങളെ നമുക്ക് മാക്രോന്യൂട്രിയൻറ്സ്, മൈക്രോന്യൂട്രിയൻറ്സ് എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ അടിസ്ഥാനഘടകമായ മാംസ്യം , കാർബോഹൈഡ്രേറ്റ്സ്, കൊഴുപ്പ് എന്നി ഊർജദായിനികളാണ് മാക്രോന്യൂട്രിയൻറ്സ്.
അളവിൽ താരതമ്യേന കുറവായ ജീവകങ്ങളും ധാതുക്കളുമാണ് മൈക്രോന്യൂട്രിയൻറ്സ്.
1 .മാംസ്യം/പ്രോട്ടീൻ
നമ്മുടെ ശരീരത്തിലെ അസ്ഥി തൊട്ട് , മുടി, ത്വക്ക് എന്നിങ്ങനെ എല്ലാ കോശത്തിലും പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിരിക്കുന്നു.
ഒരു ശരാശരി മനുഷ്യശരീര ഭാരത്തിന്റെ പതിനാറ് ശതമാനവും പ്രോട്ടീനിൽ നിന്നാണ്. ശരീരവളർച്ചയും ആരോഗ്യ നിലനിൽപ്പുമാണ് പ്രോട്ടീനിന്റെ പ്രധാന ധർമം.
അവശ്യഘട്ടങ്ങളിൽ ശരീരത്തിനാവശ്യമായ ഹോർമോൺസ്, ആന്റിബോഡീസ് എന്നിവ ഉത്പാദിപ്പിക്കപ്പെടുന്നത് പ്രോട്ടീനിൽ നിന്നാണ്.
ശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പലവിധങ്ങളായ അമിനോ അമ്ലങ്ങളിൽ നിന്നുമാണിവ ഉൾതിരിഞ്ഞു വരുന്നതെങ്കിലും ചില അമിനോ അമ്ലങ്ങൾ ഭക്ഷണത്തിലൂടെ മാത്രം ലഭ്യമാവുന്നവയാണ്. ഈ വിധത്തിലുള്ള അമിനോ അമ്ലങ്ങൾ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
മത്സ്യമാംസാദികൾ, മുട്ട, പയറുവർഗങ്ങൾ, സോയ, ചിലയിനം ധാന്യങ്ങൾ എന്നിവ പ്രോട്ടീനിന്റെ ഉറവിടമാണ്.
ചുരുക്കം പറഞ്ഞാൽ ജിമ്മന്മാർക്ക് മാത്രമല്ല, എല്ലാവർക്കും നിശ്ചിത അളവിലുള്ള പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്.
2.ധാന്യകം/കാർബോഹൈഡ്രേറ്റ്സ്
ഇവയെ ശരീരത്തിന്റെ ‘ഇന്ധനം’ എന്ന് വിളിക്കാം. കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളും അതിലുപരിയായി രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതും ഇവയുടെ ചുമതലയാണ്.
സമ്പൂർണ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, നാരുകൾ ഏറെ അടങ്ങിയ പഴ-പച്ചക്കറികൾ എന്നിവയിൽ ധാന്യകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
3. കൊഴുപ്പ്/ഫാറ്റ്
ആരോഗ്യകരമായ ഭക്ഷണരീതിയിലെ അവിഭാജ്യഘടകമാണ് കൊഴുപ്പ് അഥവാ ഫാറ്റ്.
ശരീരത്തിലേക്ക് ജീവകങ്ങളും ധാതുക്കളും ആഗിരണം ചെയ്യുക, രക്തം കട്ടപിടിക്കാൻ സഹായകമാവുക, പേശികളുടെ ചലനം എന്നുതുടങ്ങുന്ന പലവിധ പ്രവർത്തനങ്ങൾക്ക് ഇവ ചുക്കാൻ പിടിക്കുന്നു.
കൊഴുപ്പ് ആരോഗ്യകരമായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുവാനും, തലച്ചോറിന്റെ പ്രവർത്തനം ത്വരിതപ്പെടുത്താനും കൂടാതെ ഒരു പരിധിവരെ സന്ധിവാതം, ക്യാൻസർ, അൽഷിമേഴ്സ് എന്നി അസുഖങ്ങൾ പിടിപെടാതിരിക്കാനും സഹായകമാവുന്നു.
പരിപ്പിനങ്ങൾ, വിത്തിനങ്ങൾ, മത്സ്യം, സസ്യഎണ്ണകൾ (അവക്കാഡോ, ഒലിവ്, ചണ) എന്നിവയിലൂടെ ശരീരത്തിന് ഉല്പാദിപ്പിക്കാൻ സാധ്യമല്ലാത്ത അപൂരിത കൊഴുപ്പ് നമ്മളിൽ എത്തിച്ചേരുന്നു. വെളിച്ചെണ്ണ അവയവങ്ങളുടെ പെട്ടന്നുള്ള പ്രവർത്തനത്തിനും വിശപ്പ് നിയന്ത്രിക്കുവാനും സഹായിക്കുന്നു.
പൂരിത കൊഴുപ്പുകളായ വെണ്ണ, ചീസ്, ഐസ്ക്രീം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
4. ജീവകങ്ങൾ/വിറ്റമിൻസ്
മനുഷ്യ ശരീരത്തിലെ പതിമൂന്നോളം വരുന്ന വിറ്റാമിനുകൾ രോഗങ്ങളിൽനിന്ന് രക്ഷ നേടാനും ആരോഗ്യം പ്രധാനം ചെയ്യാനും ഉപയോഗികമാവുന്നു. മതിയായ അളവിൽ ജീവകങ്ങൾ ലഭ്യമായില്ലെങ്കിൽ കാഴ്ച,ത്വക്ക്,അസ്ഥി എന്നിവയുടെ പ്രവർത്തനം താറുമാറാകുന്നു.
വിറ്റമിൻസ്, ശ്വാസകോശ, മൂത്രാശയ സംബന്ധമായ ക്യാൻസറുകൾ വരാനുള്ള സാധ്യതകൾ കുറയ്ക്കുകയും വിറ്റമിൻ സി പോലുള്ളവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിവിധയിനം പഴ-പച്ചക്കറികൾ ഉൾപ്പെടുന്ന സമീകൃതാഹാരരീതി ജീവകങ്ങളുടെ ലഭ്യതക്ക് മതിയാവുന്നതാണ്.
5.ധാതുക്കൾ/മിനറൽസ്
ഉറപ്പുള്ള എല്ലുകൾക്കും പല്ലുകൾക്കും കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കാനുമിവ സഹായകമാവുന്നു. കൂടാതെ ആരോഗ്യകരമായ രക്തസമ്മർദ്ദത്തിനും, പേശീ-നാഡീ പ്രവർത്തനങ്ങൾക്കും ധാതുക്കൾ അനിവാര്യമാണ്.
കാൽസ്യം, അയേൺ, സിങ്ക് എന്നിവ സുപരിചിതങ്ങളായ ധാതുക്കളാണ്. അയേൺ, ചുവന്ന രക്തകോശങ്ങളുടെയും കൂടാതെ ഹോർമോൺ ഉത്പാദനവും നടത്തുമ്പോൾ സിങ്ക്, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മുറിവുകൾ ഉണങ്ങുവാൻ ഉപയോഗപ്രദമാവുകയും ചെയുന്നു.
6. വെള്ളം
ആഹാരമില്ലാതെ ആഴ്ചകൾ തള്ളിനീക്കാമെങ്കിലും വെള്ളം കുടിക്കാതെ ഒരു ദിവസം പോലും കഴിയാനാവില്ല. ശരീരത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ജലം. മനുഷ്യശരീരഭാരത്തിന്റെ അറുപത്തിരണ്ട് ശതമാനവും വെള്ളമാണ്.
തലച്ചോറിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും, ശരീരത്തിലെ മാലിന്യങ്ങൾ പുറംതള്ളാനും, പോഷകങ്ങൾ കോശങ്ങളിലേക്ക് എത്തിക്കാനും, മലബന്ധം തടയാനും മറ്റു പല പ്രധാനങ്ങളായ ശാരീരിക- മാനസീക പ്രവർത്തനങ്ങൾക് വെള്ളം ഒഴിച്ചുകൂടാനാവാത്തതാണ്.
ചെറിയ തോതിലുള്ള നിർജലീകരണം പോലും നമ്മെ തീർത്തും ക്ഷീണിതരാക്കുന്നതാണ്.
നല്ല ഭക്ഷണരീതി ശീലമാക്കൂ ആരോഗ്യത്തോടെയിരിക്കു!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക