കൊല്ലം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി ത്യാഗരാജനാണ് മരിച്ചത്. ഇയാള്‍ക്ക് 74 വയസായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാനിപ്പള്ളി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ സ്ഥിതി ഗുരുതരമായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം മുങ്ങി മരിച്ച വൃദ്ധയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ഗൗരി കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവര്‍ക്ക് 75 വയസായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇന്നും നാന്നൂറ് കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 435 പേരില്‍ 206 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച 435 പേരില്‍ 128 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക