കണ്ണൂർ :പഴയങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നാടിനു സമര്‍പ്പിച്ചു. ഏഴോം പഞ്ചായത്താണ് 27 ലക്ഷം രൂപ ചെലവില്‍ പഴയങ്ങാടി ബസ് സ്റ്റാന്റില്‍ വിശ്രമകേന്ദ്രം ഒരുക്കിയത്. ബസ് സ്റ്റാന്റിലെത്തുന്ന സ്ത്രീകള്‍ക്കും, വിദ്യാര്‍ഥിനികള്‍ക്കും വിശ്രമകേന്ദ്രം ഏറെ പ്രയോജനം ചെയ്യും. രാത്രി സമയത്ത് പഴയങ്ങാടി പട്ടണത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇവിടെ കഴിയാനും സാധിക്കും. റെയില്‍വേ സ്റ്റേഷനും, ബസ് സ്റ്റാന്റും അടുത്തുള്ളതിനാല്‍ ദൂരെ നിന്നെത്തുന്ന സ്ത്രീകള്‍ക്കും ഈ കേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കും.
ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വിശ്രമമുറി, മുലയൂട്ടല്‍ കേന്ദ്രം, നാല് ടോയ്ലറ്റുകള്, വാഷ്ബേസിനുകള്‍ എന്നിവയും മുകളിലത്തെ നിലയില്‍ ഹാള്‍, ബെഡ്റൂം, ബാത്ത്റൂമുകള്‍, ടോയ്ലറ്റുകള് എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നതിന് കഫ്റ്റീരിയയും പ്രവര്‍ത്തിക്കും. പഴയങ്ങാടി പൊലീസിന്റെ മേല്‍നോട്ടവും ഉണ്ടാവും. വിശ്രമകേന്ദ്രത്തില്‍ സിസിടിവി ക്യാമറകള്‍ സജ്ജീകരിച്ചുണ്ട്. കുടുംബശ്രീ യൂണിറ്റിനാണ് വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.
ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഒ വി നാരായണന് മുഖ്യാതിഥിയായി. ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് ഡി വിമല, വൈസ് പ്രസിഡണ്ട് സി ഒ പ്രഭാകരന്, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി പി എം സുമതി തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എഞ്ചിനിയര്‍ ശ്രേണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക